'ഉരുള്‍പൊട്ടലുണ്ടായ കാട്ടിലേക്ക് തിരികെപ്പോകാന്‍ ധൈര്യമില്ല, നാട്ടില്‍ എവിടെയെങ്കിലും സുരക്ഷിതസ്ഥാനം കണ്ടെത്തി മാറിത്താമസിക്കാനുള്ള ധൈര്യവുമില്ല'- ഇതാണ് വയനാട് അട്ടമലയ്ക്കടുത്തുള്ള എറാട്ട് കുണ്ട് കോളനിയിലെ കാട്ടുനായ്ക്ക വിഭാഗക്കാരുടെ ഇപ്പോഴത്തെ അവസ്ഥ. ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകാന്‍ തയ്യാറാകാത്ത ഇവര്‍ വനാതിര്‍ത്തിയിലുള്ള ആളൊഴിഞ്ഞ പാടിയിലാണ് ഇപ്പോള്‍ താമസം. 

വന്‍ദുരന്തമുണ്ടായ  പുത്തുമലയില്‍ നിന്ന് ഏറെ അകലെയല്ല ഇവര്‍ ഇപ്പോള്‍ താമസിക്കുന്ന പാടി. പണ്ടെങ്ങോ തൊഴിലാളികൾ താമസിച്ചിരുന്ന ഇടമാണ് പൊളിഞ്ഞ് വീഴാറായ ഈ കെട്ടിടം. കാട്ടുനായ്ക്കവിഭാഗക്കാരായ 30 പേരാണ് ഇവിടെയുള്ളത്. പുത്തുമലയിൽ ഉരുൾപൊട്ടിയ അന്ന് കോളനിയിലും മണ്ണിടിഞ്ഞു. അപ്പോള്‍ ജീവനും കൊണ്ടോടിയതാണ് ഇവര്‍.

" അവിടെ നിക്കാന്‍ പറ്റുലല്ലോ, അങ്ങനെ ആയി. അവിടെ വീടൊണ്ട്, പോവാന്‍ പേടിയൊണ്ട്." ഗോപി എന്നയാള്‍ പറയുന്നു. ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടു പോവാൻ വന്നവരെയൊക്കെ ഇവര്‍  മടക്കി അയച്ചു.  എണ്ണത്തിൽ കുറവായ കാട്ടുനായ്ക്ക വിഭാഗക്കാർ കാട്ടിനുള്ളിൽ മാത്രം കഴിയുന്നവരാണ്. പക്ഷെ ഇത്തവണ തിരികെ കാട്ടിലേക്ക് പോവാൻ ഇവര്‍ക്ക് പേടിയാണ്. പലരുടെയും കുടിലുകളും അവിടേക്കുള്ള വഴിയും ഒലിച്ച് പോയി. "ഫോറസ്റ്റ്കാര് വരട്ടെ, അവരോട് ചോയിച്ചിട്ട് വേറെങ്ങട്ടേലും പോവാന്‍ നിക്കുവാ" മോഹനന്‍ പറയുന്നു.  

ഈ പാടിയിലേക്ക് കുടിവെള്ളമടക്കമുള്ളവ  ദുരിതാശ്വാസ പ്രവര്‍ത്തകരെത്തിക്കുന്നുണ്ട്. അവരെത്തിക്കുന്ന സഹായങ്ങൾ കൊണ്ടാണ് ഈ 30 പേരും ഇപ്പോൾ കഴിയുന്നത്. ഏറെ നാൾ ഇങ്ങനെ തുടരാനാവില്ലെന്ന് ഇവര്‍ക്കുമറിയാം. കാട്ടിലേക്ക് തിരികെപ്പോകുമോ എന്ന ചോദ്യത്തിന് ഇല്ല എന്നുത്തരം പറയുന്നു ശീത. നാട്ടിലേക്ക് മാറാമോ എന്നതിനും ഇല്ല എന്നാണ് ശീതയുടെ ഉത്തരം. 

കാട്ടിനുള്ളിൽ മറ്റെവിടെയെങ്കിലും സുരക്ഷിതമായൊരിടം കണ്ടെത്തി ഇവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.