കായംകുളം: കുറ്റിത്തെരുവ് ജംഗ്ഷനിലെ കടുംബശ്രീയുടെ തട്ടുകടയ്ക്ക് നേരെ ഗുണ്ടാ ആക്രമണം. അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരുക്കേറ്റ ഇടപ്പോൺ സ്വദേശി സന്തോഷ്( 46), ഭാര്യ സുമാദേവി (42) എന്നിവർ കായംകുളം താലൂക്കാശുപത്രിയിൽ ചികിത്സ തേടി. 

സരസ്വതി കൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള മുല്ലശ്ശേരിൽ കുടുംബശ്രീ തട്ടുകടയ്ക്ക് നേരെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ഒരുപറ്റം സാമൂഹികവിരുദ്ധരുടെ ആക്രമം നടന്നത്. 10 മണിയോടെ ഒരുപറ്റം ആളുകൾ കടയിൽ അതിക്രമിച്ചു കയറുകയും, സ്ത്രീകൾ ഉൾപ്പെടെയുള്ള കടയിലെ ജീവനക്കാരെ മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. തുടർന്നു കടയിലെ ഉപകരണങ്ങൾ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. 

അക്രമത്തിനിടയിൽ കത്തികൊണ്ടിരുന്ന ഗ്യാസ്സ് സ്റ്റൗവിൽ നിന്നും ആളിപ്പടർന്ന തീ കടയിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് അണയ്ക്കുവാൻ സാധിച്ചത് വൻ ദുരന്തമൊഴിവാക്കി. അക്രമികളും മറ്റു ചിലരും കടയ്ക്ക് പുറത്തു വെച്ചുണ്ടായ തർക്കത്തിനൊടുവിൽ അവരിലൊരാൾ കടയ്ക്കുളളിലേക്കു ഓടി കയറുകയും, പിന്നാലെ വന്ന് കയറിയ അക്രമികൾ അക്രമം അഴിച്ച് വിടുകയുമാണുണ്ടായതെന്ന് ദൃക്ഷാക്ഷികള്‍ പറഞ്ഞു. സംഭവത്തിൽ കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.