തൃശൂർ: റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് ജോലി കാത്തിരിക്കുന്ന ഉദ്യോഗാർഥികളെ അവഗണിച്ച് ആശ്രിത നിയമനങ്ങൾ വേഗത്തിലാക്കാൻ സർക്കാരിന്‍റെ നടപടി തുടങ്ങിയതായി റിപ്പോര്‍ട്ട്. പഞ്ചായത്ത് വകുപ്പിൽ ഉടൻ വരുന്ന 256 ക്ലാർക്ക് ഒഴിവുകളും സിവിൽ സപ്ളൈസ് വകുപ്പിൽ 32 ഒഴിവുകളും ആശ്രിത നിയമനത്തിനായി നീക്കിവയ്ക്കാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. 2010 മുതൽ 2018 വരെയുള്ള പിഎസ് സി നിയമനങ്ങൾ കണക്കാക്കി ഒഴിവുകൾ ആശ്രിത നിയമനത്തിനായി റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദ്ദേശം. 

പഞ്ചായത്ത് ഡയറക്ടർ ഇക്കാര്യത്തിൽ ഉത്തരവിറക്കിയതിന് അടുത്ത ദിവസം സിവിൽ സപ്ലൈസ് വകുപ്പും ഇതുസംബന്ധിച്ച് നിർദ്ദേശം നൽകി. ആശ്രിത നിയമനത്തിന് നീക്കിവെച്ച ശേഷം വരുന്ന ഒഴിവുകൾ മാത്രമേ പിഎസ്‌‌സി നിയമനങ്ങൾക്കായി മാറ്റിവയ്ക്കാവൂവെന്നാണ് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് അയച്ച കത്തിൽ പഞ്ചായത്ത് ഡയറക്ടർ പറയുന്നത്. 2010 മുതൽ 2018 വരെ പിഎസ്‌‌സി വഴി റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ അഞ്ച് ശതമാനം കണക്കാക്കി, ഇനിയുള്ള അത്രയും ഒഴിവുകളിൽ നിയമനം ആശ്രിതർക്ക് നൽകണമെന്ന് സര്‍ക്കാര്‍ നിർദേശിച്ചു. ഇതോടെ ഈ ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യില്ല. 

പഞ്ചായത്ത് വകുപ്പിനെക്കൂടാതെ മറ്റ് ചില വകുപ്പുകൾക്കും ഇത്തരത്തിൽ നിർദ്ദേശമുണ്ട്. ഉത്തരവിനെതിരെ പിഎസ്‌‌സി പട്ടികയിലുള്ള ഉദ്യോഗാർഥികള്‍ പരാതിയുമായി രംഗത്തെത്തി. ഇപ്പോൾ നിയമനം നടത്തുന്ന എൽഡിസി റാങ്ക് പട്ടിക നിലവിൽ വന്നത് 2018 ഏപ്രിൽ രണ്ടിനാണ്. പല ജില്ലകളിലും ഇരുനൂറിൽ താഴെ നിയമനങ്ങളേ നടന്നിട്ടുള്ളൂ. ഇതിനിടെ 28 വകുപ്പുകളിലായി ഇതുവരെ 303 പേർക്ക് ആശ്രിത നിയമനം നടത്തിയെന്നും കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് അതുവരെ അർഹരായവർക്കെല്ലാം സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് ആശ്രിത നിയമനം നൽകിയതാണെന്നും അവർ പറയുന്നു. 

വീണ്ടും 2010 മുതലുള്ള ഒഴിവുകളുടെ അഞ്ച് ശതമാനം മാറ്റിവയ്ക്കുന്നതിന് പിന്നിൽ താൽപ്പര്യങ്ങളുണ്ടെന്നാണ് പറയുന്നത്. തൃശൂർ -22, പാലക്കാട് -23, മലപ്പുറം -28, കോഴിക്കോട് -22, വയനാട് -ഒമ്പത്, തിരുവനന്തപുരം -15, കൊല്ലം- 15, കണ്ണൂർ -21, കാസർകോട് -ഒമ്പത്, പത്തനംതിട്ട -15, ആലപ്പുഴ-19, കോട്ടയം- 21, ഇടുക്കി-16, എറണാകുളം -21 എന്നിങ്ങനെയാണ് പഞ്ചായത്ത് വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ ആശ്രിത നിയമനത്തിനായി ഡയറക്ടർ നിർദേശിച്ച 256 ഒഴിവുകൾ. 

ഇതിനിടെ സർക്കാർ ഉത്തരവ് പെരുമാറ്റച്ചട്ടലംഘനമായിരുന്നുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഏപ്രിൽ നാലിനാണ് ആശ്രിത നിയമനത്തിനുള്ള ഒഴിവുകൾ മാറ്റിവെക്കാൻ നിർദ്ദേശിച്ച് പൊതുഭരണ വകുപ്പിൽ നിന്നും വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമനടപടിക്കൊരുങ്ങുകയാണ് ഉദ്യോഗാർത്ഥികൾ.