സർക്കാരിന്‍റെ ടൂറിസം ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിന്നും ഇതു വരെ നിര്‍ദേശം സമര്‍പ്പിച്ചത് എട്ടു പഞ്ചായത്തുകള്‍ മാത്രമാണ്

തൊടുപുഴ: എവിടെ തിരിഞ്ഞാലും ഇടുക്കിയിൽ കാഴ്ചകളുടെ 'ഹൈ റെയ്ഞ്ച്' വ്യു ആണ് എന്നാൽ സർക്കാരിന്‍റെ പ്രാദേശിക ടൂറിസം വികസന പദ്ധതി കണ്ട മട്ട് നടിക്കാതെ പഞ്ചായത്തുകൾ. സർക്കാരിന്‍റെ ടൂറിസം ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിന്നും ഇതു വരെ നിര്‍ദേശം സമര്‍പ്പിച്ചത് എട്ടു പഞ്ചായത്തുകള്‍ മാത്രം. ഇതില്‍ ഒരു പഞ്ചായത്ത് മാത്രമാണ് പദ്ധതിക്കായി തുക വകയിരുത്തി നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. സംസ്ഥാനത്താകെ 30 പഞ്ചായത്തുകള്‍ മാത്രമാണ് ഇതുവരെ പദ്ധതിയ്ക്കായുള്ള രൂപരേഖ ടൂറിസം വകുപ്പില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ എട്ടു പഞ്ചായത്തുകള്‍ ജില്ലയില്‍ നിന്നാണ്. കുമളി പഞ്ചായത്ത് -തേക്കടി പാര്‍ക്ക്, ഒട്ടകത്തലമേട് ടൂറിസം, നെടുങ്കണ്ടം - പപ്പിനിമെട്ട് സഹ്യദര്‍ശന്‍ പാര്‍ക്ക്, മാങ്കുളം - പാമ്പുങ്കയം നക്ഷത്രക്കുത്ത് വെള്ളച്ചാട്ടം, കാന്തല്ലൂര്‍ - ഇരച്ചില്‍പ്പാറ കൈയാരം വെള്ളച്ചാട്ടം, രാജാക്കാട് - കനകക്കുന്ന് വ്യൂ പോയിന്റ്, വെള്ളത്തൂവല്‍ - ചുനയംമാക്കല്‍ വെള്ളച്ചാട്ടം, പെരുവന്താനം- ഏകയം വെള്ളച്ചാട്ടം എന്നിവയാണ് വിവിധ പഞ്ചായത്തുകള്‍ സമര്‍പ്പിച്ചിരിക്കുന്ന പദ്ധതികളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ വെള്ളത്തൂവല്‍ പഞ്ചായത്ത് മാത്രമാണ് ഫണ്ട് വകയിരുത്തി നിര്‍മാണം ആരംഭിച്ചത്. പഞ്ചായത്തുകളിലെ വിനോദ സഞ്ചാര വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയോടാണ് നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉള്ള പഞ്ചായത്തുകൾക്ക് പോലും വിമുഖകത. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു മാസം മാത്രം ശേഷിക്കെയാണ് ജില്ലയില്‍ ഭൂരിഭാഗം പഞ്ചായത്തുകളും പദ്ധതിയോട് മുഖം തിരിച്ചത്.

പൊലീസിനും സിനിമ മേഖലക്കും അഭിമാനം വാനോളം! സിനിമ നടൻ കൂടിയായ ഡിവൈഎസ്പിക്ക് രാഷ്ട്രപതിയുടെ മെഡല്‍

100 കോടി വകയിരുത്തിയ പദ്ധതി

പദ്ധതി നടപ്പാക്കുന്നതിനായി കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 100 കോടിയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. അതാത് പഞ്ചായത്തുകള്‍ ടൂറിസം സാധ്യതയുള്ള മേഖലകള്‍ക്കായി വിശദമായ പദ്ധതി തയാറാക്കി ടൂറിസം വകുപ്പിന് സമര്‍പ്പിക്കണം. പദ്ധതിക്കായി വരുന്ന ആകെ തുകയുടെ 60 ശതമാനമോ അല്ലെങ്കില്‍ 50 ലക്ഷം രൂപയോ സര്‍ക്കാര്‍ വിഹിതമായി ലഭിക്കും. ബാക്കി തുക പഞ്ചായത്തുകളുടെ തനതു ഫണ്ടില്‍ നിന്നും വിനിയോഗിക്കണം. എം എല്‍ എ ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ചും പദ്ധതി നടപ്പിലാക്കാം. അറിയപ്പെടാത്തതും എന്നാല്‍ ദൃശ്യമനോഹാരിത സമ്മാനിക്കുന്നതുമായ പല പ്രാദേശിക ടൂറിസം മേഖലകളും സഞ്ചാരികള്‍ക്കു മുന്നിലെത്തിക്കുന്നതിനു പുറമെ അതാതു പ്രദേശങ്ങളുടെ വികസനത്തിനും വഴി തെളിക്കുന്ന പദ്ധതിക്കാണ് ടൂറിസം വകുപ്പ് രൂപം നല്‍കിയത്. റോഡുകളുടെയും മറ്റും ശോച്യാവസ്ഥയാണ് ഇത്തരം കേന്ദ്രങ്ങളുടെ വികസനത്തിനു പ്രധാനമായും പ്രതിസന്ധി സൃഷ്ടിക്കുന്നത്. എന്നാല്‍ പദ്ധതി നടപ്പാകുന്നതോടെ പ്രാദേശിക റോഡു വികസനം ഉള്‍പ്പെടെ ഈ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാനാവും. കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളെ പദ്ധതിയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ഡി ടി പി സി സെക്രട്ടറി ജിതീഷ് ജോസ് പറഞ്ഞു.

അറിയപ്പെടാത്ത കേന്ദ്രങ്ങളെ ജനകീയമാക്കുന്ന പദ്ധതി

ജില്ലയില്‍ പല പഞ്ചായത്തുകളിലും അറിയപ്പെടാതെ കിടക്കുന്ന ടൂറിസം മേഖലകളുണ്ട്. ഇത്തരം പ്രകൃതിമനോഹരമായ മേഖലകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പഞ്ചായത്തിന് വരുമാനം കണ്ടെത്താന്‍ പദ്ധതി സഹായകരമാകും. പദ്ധതി നടത്തിപ്പില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും അതാതു പഞ്ചായത്തുകള്‍ക്ക് ലഭിക്കും. ചെറുകിട സംരഭങ്ങളും മറ്റും നടത്തുന്നതു വഴി പ്രദേശവാസികള്‍ക്കും സാമ്പത്തിക നേട്ടമുണ്ടാക്കാനാവും. ടൂറിസം വകുപ്പ് നല്‍കുന്ന വിഹിതം ഉപയോഗിച്ച് മികച്ച രീതിയില്‍ പദ്ധതി നടപ്പാക്കാമെന്നിരിക്കെയാണ് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളും ഇതിനോട് മുഖം തിരിച്ചിരിക്കുന്നത്.