അന്തിക്കാട് പാലാഴിയിൽ യുവാവിനെ ആക്രമിച്ച് ഒളിവിൽപ്പോയ മൂന്നുപേരെ കൊടൈക്കനാലിൽ നിന്ന് പോലീസ് പിടികൂടി. വധശ്രമക്കേസ് പ്രതിയായ പവൻദാസ് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. 

തൃശൂർ: അന്തിക്കാട് പാലാഴിയിൽ യുവാവിനെ ആക്രമിച്ച് ഒളിവിൽ പോയ വധശ്രമ കേസ് പ്രതിയടക്കം മൂന്നുപേരെ കൊടൈക്കനാലിൽ നിന്ന് അറസ്റ്റ് ചെയ്തു. മണലൂർ പാണ്ടാരൻ വീട്ടിൽ പവൻദാസ് (24), മണലൂർ പാലാഴി വിളക്കേത്ത് വീട്ടിൽ വിഷ്ണുദേവ് (27), മണലൂർ പാലാഴി തണ്ടയിൽ വീട്ടിൽ രാഹുൽ (24 ) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.മുൻ വൈരാഗ്യത്തിന്റെ പേരിൽ കണ്ടശ്ലാംകടവ് മാമ്പുള്ളി ദേശത്ത് പാറക്കവീട്ടിൽ ആഷിക് വർഗീസ് (29 ) എന്നയാളെയാണ് ഈ മാസം മൂന്നിന് രാത്രി പാലാഴിയിലെ വായാനശാലക്ക് സമീപം വച്ച് തടഞ്ഞ് നിർത്തി ഇവർ ആക്രമിച്ചത്. പരാതി പ്രകാരം അന്തിക്കാട് പൊലീസാണ് കേസെടുത്തത്. 

പ്രതികൾ കൊടൈക്കനാലിലേക്ക് കടന്നതായ വിവരം ലഭിച്ചതോടെ അന്വേഷണ സംഘം അവിടേക്ക് പോയാണ് മൂന്നുപേരെയും പിടികൂടിയത്. ഇതിൽ പവൻദാസ് അന്തിക്കാട്, വാടാനപ്പള്ളി പൊലീസ് സ്റ്റേഷനുകളിലായി മൂന്ന് വധശ്രമ കേസുകളിലടക്കം നാല് ക്രിമിനൽ കേസുകളിലെ പ്രതിയും കാപ്പ നിയമ പ്രകാരം ആറ് മാസത്തേക്ക് നാടു കടത്തൽ ശിക്ഷ അനുഭവിച്ചയാളുമാണ്. വിഷ്ണുദേവ് അന്തിക്കാട്, പാവറട്ടി പൊലീസ് സ്റ്റേഷനുകളിൽ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ചകടക്കം രണ്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. രാഹുൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസ് അടക്കം രണ്ട് ക്രിമിനൽ കേസിലെ പ്രതിയാണ്. അന്തിക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എസ്. സരിൻ , സബ്ബ് ഇൻസ്പെക്ടർ അഫ്സൽ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീഷ്, കിരൺ , ഡ്രൈവർ സി .പി . ഒ സജു എന്നിരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.