Asianet News MalayalamAsianet News Malayalam

ഓട്ടോ നിരക്കിനെ കുറിച്ചുള്ള സംശയത്തിന് മറുപടി നല്‍കി കേരളാ പൊലീസ്; പരാതികളില്‍ നടപടി മാത്രം ഉണ്ടാകുന്നില്ലെന്ന് ജനം

കേരളാ പൊലീസിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ നിരവധി പരാതികളാണ് ഉയര്‍ന്നത്. പ്രധാനമായും തിരുവനന്തപുരം, പത്തനംതിട്ട, കൊച്ചി നഗരങ്ങളിലെ ഓട്ടോ ഡ്രൈവര്‍മാര്‍ യാത്രയ്ക്കായി അമിത ചാര്‍ജ്ജീടാക്കുന്നുവെന്ന പരാതിയാണ് ഏറെയും. എന്നാല്‍ പൊലീസില്‍ പരാതി നല്‍കാനുള്ള നിര്‍ദ്ദേശം മാത്രമാണ് ഫേസ്ബുക്ക് പേജില്‍ കേരളാ പൊലീസിന്‍റെ മറുപടി. പരാതിക്ക് നടപടിയുണ്ടാകുന്നില്ലെന്നും അതിനാല്‍ വീണ്ടും വീണ്ടും പരാതി നല്‍കേണ്ടി വരുന്നതായും നാട്ടുകാര്‍ ഫേസ്ബുക്കില്‍ പരാതിപ്പെടുന്നു. 
 

Kerala Police responds to queries on auto rates on facebook
Author
Thiruvananthapuram, First Published Jul 5, 2019, 11:41 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ ചാര്‍ജ്ജ് പുതുക്കി നിശ്ചയിച്ചെങ്കിലും, സാധാരണക്കാന്‍റെ വാഹനമായ ഓട്ടോയാത്രയ്ക്ക് പക്ഷേ ഇപ്പോഴും പല നിരക്കാണ് ഈടാക്കുന്നതെന്ന പരാതിയെ തുടര്‍ന്ന് കേരളാ പൊലീസ് തങ്ങളുടെ ഫേസ് ബുക്ക് പേജില്‍ പുതുക്കിയ ഓട്ടോ ചാര്‍ജ്ജ് പ്രസിദ്ധീകരിച്ചു. സംസ്ഥാന ഗതാഗത കമ്മീഷണറുടെ നിർദ്ദേശ പ്രകാരം കേരള സർക്കാർ മോട്ടോർവാഹന വകുപ്പ് ഇറക്കിയ ഓട്ടോ ചാർജ്ജ് പട്ടികയാണ് കേരളാ പൊലീസ് പുനപ്രസിദ്ധീകരിച്ചത്. 

മിനിമം ചാർജ്ജിൽ സഞ്ചരിക്കാവുന്ന 1.5 കി. മീറ്ററിന് ശേഷമുള്ള 0.5 കിലോമീറ്റർ ഇടവിട്ടുള്ള നിരക്കുകൾ പട്ടികയിൽ നൽകിയിട്ടുണ്ട്. യാത്ര ചെയ്യാവുന്ന കൃത്യമായ ദൂരം പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ യാത്ര ചെയ്യുന്ന ഓരോ 100 മീറ്ററിനും 1.2 രൂപ വച്ച് നൽകേണ്ടതാണെന്നും കുറിപ്പില്‍ പറയുന്നു. രാത്രിയാത്രക്കാര്‍ രാത്രി 10 മണിക്ക് ശേഷം രാവിലെ 5 മണിവരെ നടത്തുന്ന യാത്രകൾക്ക് മേൽ സൂചിപ്പിച്ച ചാർജ്‌ജിന്‍റെ 50% കൂടി അധികമായി നൽകേണ്ടതാണ്.

തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് എന്നീ കോർപ്പറേഷനുകളും കണ്ണൂർ, പാലക്കാട്, കോട്ടയം എന്നീ പ്രധാന ടൗണുകളും ഒഴികെയുള്ള സ്ഥലങ്ങളിൽ പകൽ 5 മണി മുതൽ രാത്രി 10 മണി വരെ നടത്തുന്ന ഒരു വശത്തേക്ക് മാത്രമുള്ള യാത്രകൾക്ക് മിനിമം ചാർജ്‌ജിന്‌ പുറമേയുള്ള തുകയുടെ 50% അധികമായി നൽകേണ്ടതാണ്. ഇരുവശത്തേക്കുമുള്ള യാത്രയാണെങ്കില്‍ മീറ്റർ ചാർജ്ജ് മാത്രം നൽകിയാൽ മതിയാകും. വെയ്റ്റിംഗ് ചാർജ്ജ് ഓരോ 15 മിനിറ്റിനോ അതിന്‍റെ ഭാഗങ്ങൾക്കോ 10 രൂപ നിരക്കിലും ഒരു ദിവസത്തേക്ക് പരമാവധി 250 രൂപയും യാത്രക്കാരന്‍ നല്‍കണം. 

യാത്ര സംബന്ധമായ പരാതികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, മോട്ടോർ വാഹന വകുപ്പ് ഓഫീസിലോ, 112, 1090, 1099 എന്നീ നമ്പറുകളിലോ അറിയിക്കുക. വകുപ്പ് ഓഫീസുകളുടെ വിലാസവും നമ്പറും www.mvd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യക്കും. 

എന്നാല്‍ കേരളാ പൊലീസിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ നിരവധി പരാതികളാണ് ഉയര്‍ന്നത്. പ്രധാനമായും തിരുവനന്തപുരം, പത്തനംതിട്ട, കൊച്ചി നഗരങ്ങളിലെ ഓട്ടോ ഡ്രൈവര്‍മാര്‍ യാത്രയ്ക്കായി അമിത ചാര്‍ജ്ജീടാക്കുന്നുവെന്ന പരാതിയാണ് ഏറെയും. എന്നാല്‍ പൊലീസില്‍ പരാതി നല്‍കാനുള്ള നിര്‍ദ്ദേശം മാത്രമാണ് ഫേസ്ബുക്ക് പേജില്‍ കേരളാ പൊലീസിന്‍റെ മറുപടി. പരാതിക്ക് നടപടിയുണ്ടാകുന്നില്ലെന്നും അതിനാല്‍ വീണ്ടും വീണ്ടും പരാതി നല്‍കേണ്ടി വരുന്നതായും നാട്ടുകാര്‍ ഫേസ്ബുക്കില്‍ പരാതിപ്പെടുന്നു. 


 

Follow Us:
Download App:
  • android
  • ios