കിഡ്‌നി ദാതാവിനെയും സ്വീകർത്താവിനെയും കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമാകുന്ന പ്രക്രിയയാണ് സ്വാപ്പ് ട്രാൻസ്പ്ലാന്റ്

കൊച്ചി: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ മേഖലയിൽ നിർണായകമായ ഒരു ചുവടുവെപ്പുമായി കെ-സോട്ടോ. സംസ്ഥാനത്ത് സ്വാപ്പ് കിഡ്‌നി മാറ്റിവയ്ക്കൽ പരിപാടിക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി കേരള സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ എറണാകുളം ഹോളിഡേ ഇൻ കൊച്ചിയിൽ ശില്പശാല സംഘടിപ്പിച്ചു. കിഡ്‌നി ദാതാവിനെയും സ്വീകർത്താവിനെയും കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമാകുന്ന പ്രക്രിയയാണ് സ്വാപ്പ് ട്രാൻസ്പ്ലാന്റ്.

ട്രാൻസ്‌പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് (ടി.എച്ച്.ഒ. ആക്ട്) നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി, സുരക്ഷിതവും സുതാര്യവുമായ സ്വാപ്പ് കിഡ്‌നി മാറ്റിവയ്ക്കൽ പ്രക്രിയ ഉറപ്പാക്കുക, ടി.എച്ച്.ഒ. ആക്റ്റ് 1994, അതിന്റെ ഭേദഗതികൾ, ടി.എച്ച്.ഒ. നിയമങ്ങൾ 2014 എന്നിവയെക്കുറിച്ചു ബോധവത്കരണം നൽകുക. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും സ്വാപ്പ് ട്രാൻസ്പ്ലാന്റ് നടപടിക്രമം ഏകീകരിക്കുക, രോഗികൾക്കും ദാതാക്കൾക്കും പരമാവധി സുരക്ഷയും സുതാര്യതയും ഉറപ്പാക്കുക എന്നിവയും ലക്ഷ്യമാക്കിയാണ് നി‍ർദ്ദേശങ്ങൾ.

ശില്പശാലയിൽ വൃക്ക മാറ്റി വയ്ക്കൽ സംബന്ധിയായ സംശയങ്ങളും ആശങ്കയും സംബന്ധിച്ച് വിദഗ്ധർ ക്ലാസ്സുകളെടുത്തു. കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് സ്വാപ്പ് ട്രാൻസ്‌പ്ലാന്റിന്റെ ആമുഖം അവതരിപ്പിച്ചു. സ്വാപ്പ് ട്രാൻസ്പ്ലാന്റുകൾക്ക് ബാധകമായ ടി.എച്ച്.ഒ. ആക്ടിലെ പ്രത്യേക വ്യവസ്ഥകളെക്കുറിച്ച് കെ-സോട്ടോ സ്റ്റാൻഡിങ് കൗൺസിൽ അഡ്വ. അജിത് ജോയ് വിശദീകരിച്ചു. ആസ്റ്റർ മിംസിലെ ഡോ. ഫിറോസ് അസീസ് സ്വാപ്പ് ട്രാൻസ്‌പ്ലാന്റിൽ ദാതാവ്-സ്വീകർത്താവ് പൊരുത്തപ്പെടുത്തലും രോഗപ്രതിരോധ സംവിധാനത്തിന്റെ അനുയോജ്യതയും എന്ന വിഷയത്തിലും അഡ്മിനിസ്ട്രേറ്റീവ്, ഡോക്യുമെന്റേഷൻ നടപടിക്രമങ്ങളെക്കുറിച്ച് ഡി.എൽ.എ.സി. അംഗം അഡ്വ. സന്ധ്യ ജോർജ്ജ് ക്ലാസുകൾ നയിച്ചു. സ്വാപ്പ് ട്രാൻസ്പ്ലാന്റിന്റെ ധാർമ്മിക കാഴ്ചപ്പാട് ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ പ്രൊഫ. മാലാ രാമനാഥൻ ആണ് അവതരിപ്പിച്ചത്.

സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള സ്വാപ്പ് തിരഞ്ഞെടുക്കൽ അൽഗോരിതത്തെക്കുറിച്ച് അലയൻസ് ഫോർ പെയർഡ് കിഡ്‌നി ഡൊണേഷനിലെ മിസ് ട്രില്ലി റേച്ചൽ മാത്യു വിശദീകരിച്ചു. കെ-സോട്ടോ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിനോയ്‌ മാത്യു, ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആൻഡ് പ്രോട്ടോക്കോൾസ് ഡയറക്ടർ പ്രൊഫ. വാണി കേസരി എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. കേരളത്തിലെ സ്വാപ്പ് കിഡ്‌നി ട്രാൻസ്പ്ലാന്റ് പരിപാടിക്ക് വ്യക്തവും സമഗ്രവുമായ ഒരു മാർഗ്ഗനിർദ്ദേശ രേഖ നൽകുന്നതിന് സഹായകമാകുന്നതായിരുന്നു ശിൽപശാല. ഇത് രോഗികൾക്കും ദാതാക്കൾക്കും ഒരുപോലെ പ്രയോജനകരമായ, സുതാര്യവും കാര്യക്ഷമവുമായ ഒരു സംവിധാനം വികസിപ്പിക്കുന്നതിന് വഴിയൊരുക്കുമെന്നും, അതുവഴി വൃക്കരോഗികൾക്ക് പുതിയ ജീവിതം നൽകാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ഈ നടപടി വലിയ ഊർജ്ജം പകരുമെന്നും കെ-സോട്ടോ നിരീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം