2014 ആണ് കൊച്ചി മെട്രോയ്ക്കായി സ്ഥലമേറ്റെടുപ്പ് നടന്നത്. സ്ഥലമേറ്റെടുപ്പിന് ശേഷം ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെത്തി പ്രദേശവാസികൾക്കെല്ലാം നഷ്ടപരിഹാരം വിതരണം ചെയ്ത ദിവസം ഓര്‍ക്കുമ്പോള്‍ ഇന്നും ഒരു നീറ്റലാണ് സുലേഖയ്ക്ക്. പട്ടയം ഇല്ലെന്ന പേരിൽ സുലേഖയ്ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല.

കൊച്ചി: കൊച്ചി മെട്രോയ്ക്കായുള്ള (Kochi Metro) സ്ഥലമേറ്റെടുപ്പിൽ പ്രതിസന്ധിയിലായ കുടുംബത്തിന് (Family) ഏഴ് വർഷത്തിനിപ്പുറവും നീതി അകലെ. വൈറ്റില കുന്നറ പാർക്കിനടുത്തെ സുലേഖയ്ക്കും കുടുംബത്തിനും ഭൂമി നൽകുമെന്ന കൊച്ചി മെട്രോയുടെ വാഗ്ദാനമാണ് പാഴ്വാക്കായത്. 60 വർഷത്തിലധികമായി സുലേഖ താമസിക്കുന്ന നാലര സെന്‍റ് ഭൂമിയ്ക്ക് പട്ടയം ഇല്ലാത്തതിനാൽ ഒരു നഷ്ടപരിഹാരവും കിട്ടിയിട്ടില്ല. ഇതോടെ സുലേഖയുടെ ജീവിതം ദുരിതത്തിലായി.

2014 ആണ് കൊച്ചി മെട്രോയ്ക്കായി സ്ഥലമേറ്റെടുപ്പ് നടന്നത്. സ്ഥലമേറ്റെടുപ്പിന് ശേഷം ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെത്തി പ്രദേശവാസികൾക്കെല്ലാം നഷ്ടപരിഹാരം വിതരണം ചെയ്ത ദിവസം ഓര്‍ക്കുമ്പോള്‍ ഇന്നും ഒരു നീറ്റലാണ് സുലേഖയ്ക്ക്. പട്ടയം ഇല്ലെന്ന പേരിൽ സുലേഖയ്ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല. അന്ന് മാറ്റി നിർത്തിയ സർക്കാർ സംവിധാനങ്ങൾ ഇന്നും ആ അവഗണന തുടരുകയാണെന്ന് സുലേഖ പറയുന്നു. 

പെരുവഴിയിലായ സുലേഖയുടെയും സഹോദരിമാരുടെയും ദുരിതം അന്ന് വലിയ ചർച്ചയായി. ജില്ല കളക്ടർ എം ജി രാജമാണിക്യം നേരിട്ട് വീട്ടിലെത്തി പ്രശ്നപരിഹാരമുണ്ടാകുമെന്ന് ഉറപ്പ് നൽകി. ആറ് മാസത്തിനുള്ളിൽ ഭൂമി നൽകും എന്ന ആ വാഗ്ദാനവും പാലിക്കപ്പെട്ടില്ല. പതിറ്റാണ്ട് മുമ്പാണ് സുലേഖയുടെ അച്ഛൻ വാസു മക്കളുമായി ഇവിടെ എത്തിയത്. വർഷങ്ങൾക്കിപ്പുറം ഭൂമിയുടെ അവകാശിയല്ലാതെ സുലേഖയും മാറി. 

മെട്രോ നിർമ്മാണത്തിനിടെ സുലേഖയുടെ വീട് ഭാഗികമായി തകർന്നിരുന്നു. ആറ് മാസം വാടക വീട്ടിലേക്ക് മാറാൻ 55,000 രൂപ കിട്ടി. പിന്നെയും വർഷങ്ങൾ കഴിഞ്ഞു. വാടക നൽകാൻ കൈയ്യിൽ പണം ഇല്ലാതായതോടെ ഇടിഞ്ഞ വീട് വായ്പയെടുത്ത് പുതുക്കി പണിത് അവര്‍ പുറമ്പോക്ക് ഭൂമിയിലേക്ക് തിരിച്ചെത്തി. ഇതോടെ സുലേഖ വലിയ തുകയ്ക്ക് കടക്കാരിയായി. ദിവസ വേതനക്കാരായ രണ്ട് സഹോദരിമാരും ഇവർക്കൊപ്പം കഴിയുന്നുണ്ട്. ജോലി ചെയ്ത് ജീവിക്കാൻ കഴിയുന്ന എവിടെയെങ്കിലും സ്വന്തമായി ഭൂമി എന്നത് മാത്രമാണ് ഇവരുടെ ആവശ്യം.