നേരത്തെ കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കേരളത്തിൽ  നിന്ന് കയറ്റി അയക്കുന്നവരെ ലാവോസിൽ എത്തിയ ശേഷം തട്ടിപ്പ് കേന്ദ്രത്തിലേക്ക് കൈമാറിയിരുന്നത് ബാദുഷയാണ്.

കൊച്ചി : മലയാളി യുവാക്കളെ ലാവോസിലെ ചൈനീസ് കമ്പനിക്ക് വിറ്റ കേസില്‍ ഒരാളെ കൂടി കൊച്ചി തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. പളളുരുത്തി സ്വദേശി ബാദുഷയാണ് അറസ്റ്റിലായത്. നേരത്തെ കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിൽ നിന്ന് കയറ്റി അയക്കുന്നവരെ ലാവോസിൽ എത്തിയ ശേഷം തട്ടിപ്പ് കേന്ദ്രത്തിലേക്ക് കൈമാറിയിരുന്നത് ബാദുഷയാണ്.

നേരത്തെ അറസ്റ്റിലായ പളളുരുത്തി സ്വദേശി അഫ്സര്‍ അഷറഫിനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ കിട്ടിയ വിവരങ്ങളാണ് ബാദുഷയുടെ അറസ്റ്റിലേക്ക് നയിച്ചത്. പളളുരുത്തി സ്വദേശികളായ ആറു യുവാക്കളെയാണ് പണം വാങ്ങി ജോലി വാഗ്ദാനം ചെയ്ത് ലാവോസില്‍ എത്തിച്ച് ചൈനീസ് കമ്പനിയ്ക്ക് വിറ്റത്.

50000 രൂപ വീതം വാങ്ങിയ ശേഷം ഇവരെ ലാവോസില്‍ എത്തിച്ചു. അവിടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്ന യിങ് ലോങ് എന്ന ചൈനീസ് കമ്പനിക്ക് യുവാക്കളെ അഫ്സര്‍ വിറ്റു. ആളൊന്നിന് നാല് ലക്ഷം രൂപ നിരക്കിലായിരുന്നു വില്‍പന. തൊഴില്‍ കരാര്‍ എന്ന പേരില്‍ ചൈനീസ് ഭാഷയില്‍ വ്യവസ്ഥകള്‍ രേഖപ്പെടുത്തിയ കടലാസുകളില്‍ യുവാക്കളെ കൊണ്ട് ഒപ്പ് വെപ്പിച്ചതിന് ശേഷമാണ് കമ്പനി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരെ ഉപയോഗിച്ചത്. യുവാക്കളുടെ പാസ്പോര്‍ട്ടും ചൈനീസ് കമ്പനി പിടിച്ചു വച്ചു. 

തുടര്‍ന്ന് യുവാക്കളെ കൊണ്ട് ഓണ്‍ലൈനില്‍ നിര്‍ബന്ധിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിക്കുകയായിരുന്നു. ഇന്ത്യക്കാരെ ചാറ്റിംഗ് ആപ്പുകളിലൂടെ ബന്ധപ്പെട്ട ശേഷം ഓണ്‍ലൈന്‍ ട്രേഡിംഗിന്‍റെ പേര് പറഞ്ഞാണ് കമ്പനി പണം തട്ടിയിരുന്നത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്. ചൈനീസ് കമ്പനിയിലെ ജീവനക്കാരായ സൊങ്, ബോണി എന്നിവരടക്കം ചില ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.

YouTube video player