Asianet News MalayalamAsianet News Malayalam

കോൽക്കളിയെ നെഞ്ചിലേറ്റുന്ന ഒരു ഗ്രാമം; അറിയണം സവിശേഷതകള്‍

വർഷങ്ങളായി ഇവിടെ എല്ലാ ആഘോഷ വേളകളിലും നിറസാന്നിദ്ധ്യമായി കോൽക്കളി കൂട്ടിനുണ്ട്. കോൽക്കളിയുടെ ബാലപാഠങ്ങൾ അറിയാത്തവർ തന്നെ ചുരുക്കം. അന്യം നിന്നുപോകുന്ന ജനകീയ കലയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി കഴിഞ്ഞ വർഷം കോൽക്കളി പരിശീലിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനം ചെന്താര രാജസൂയം കോൽക്കളി സംഘത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് തുടങ്ങി കഴിഞ്ഞിട്ടുണ്ട്. പുതുതലമുറയെയും വരും തലമുറയെയും കോൽക്കളിയുടെ ഭാഗമാക്കുകയാണ് ഇവരുടെ ലക്ഷ്യം

kolkkali kulikkunnu calicut
Author
Calicut, First Published Jan 11, 2019, 6:09 PM IST

കോഴിക്കോട്: കോൽക്കളി എന്ന ജനകീയ കലാരൂപത്തെ നെഞ്ചിലേറ്റുകയാണ് കുറ്റ്യാടിക്കടുത്തുള്ള കൂളിക്കുന്ന് ഗ്രാമം. പഴയ കാലത്ത് മലബാറിലെ വിനോദ കലകളിൽ ഒന്നായ കോൽക്കളി ഇവിടെത്തുകാർക്ക് ഇന്ന് ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞു. അറിയപ്പെടുന്ന ഒട്ടേറെ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ കോൽക്കളി ബാലപാഠം പഠിപ്പിച്ചതും താളവും ചുവടും വശത്താക്കി നൽകിയതും കൂളിക്കുന്ന് നിവാസികളുടെ മനസിൽ ഇന്നും ജ്വലിച്ച് നിൽക്കുകയാണ്.

വർഷങ്ങളായി ഇവിടെ എല്ലാ ആഘോഷ വേളകളിലും നിറസാന്നിദ്ധ്യമായി കോൽക്കളി കൂട്ടിനുണ്ട്. കോൽക്കളിയുടെ ബാലപാഠങ്ങൾ അറിയാത്തവർ തന്നെ ചുരുക്കം. അന്യം നിന്നുപോകുന്ന ജനകീയ കലയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി കഴിഞ്ഞ വർഷം കോൽക്കളി പരിശീലിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനം ചെന്താര രാജസൂയം കോൽക്കളി സംഘത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് തുടങ്ങി കഴിഞ്ഞിട്ടുണ്ട്. പുതുതലമുറയെയും വരും തലമുറയെയും കോൽക്കളിയുടെ ഭാഗമാക്കുകയാണ് ഇവരുടെ ലക്ഷ്യം.

ചെമ്മരത്തൂരിലെ പി എം മഹേഷ് ഗുരുക്കളുടെ നേതൃത്വത്തിൽ രാജസൂയം, തെക്കൻ കോൽക്കളി, ചുറ്റിച്ചുറ മായാമാനസം, പരിചോൽ ഏകടി ഇത്തരം, രാജ പേഷിച്ചുറ്റ്, ചരട്കുത്തികളി, ചുമട്ട് കളി, തച്ചോളി കളി, മുതലായ കളികളിൽ പരിശീലനം പൂർത്തീകരിക്കുകയായിരുന്നു. കേരള ഫോക് ലോര്‍ അക്കാദമിയുടെ കീഴിൽ നിരവധി വേദികളിലും, അഖിലേന്ത്യാ കോൽക്കളി മഹോത്സവത്തിലും, ഗുരുവായൂർ ക്ഷേത്ര മഹോത്സവവേദിയിലും ഇതിനു പുറമെ ജില്ലയുടെ വിവിധ പ്രദേശങ്ങളിലും അതിനു പുറമെ നാല് ജില്ലകളിലെ നാൽപതോളം വേദികളിലും ചെന്താരയുടെ കലാകാരന്മാർ കോൽക്കളി അരങ്ങേറ്റം നടത്തി.

ഈ വർഷം ജൂലായ് മാസത്തിൽ പി എം മഹേഷ് ഗുരുക്കളുടെ ശിക്ഷണത്തിൽ താളകോൽക്കളിയുടെ പരിശീലനത്തിന് തുടക്കം കുറിച്ചു. ഒക്ടോബർ 28 ന് സാംസ്കാരിക ഘോഷയാത്രയോടുകൂടി കൂളിക്കുന്ന് മിനിസ്റ്റേഡിയത്തിൽ നടന്ന അരങ്ങേറ്റത്തിൽ ജനഹൃദയങ്ങളെ സാക്ഷി നിർത്തി ചെന്താര രാജസൂയം കോൽക്കളി സംഘം കലാകാരന്മാർ മറ്റൊരു ഇതിഹാസം രചിക്കുകയായിരുന്നു. 251 കലാകാരന്മാർ ഒന്നിച്ച് അണിനിരന്ന ജനകീയ തച്ചോളിക്കളി, ഗ്രാമകേളി മലയാട പൊയിൽ, അക്ഷര തീക്കുനി, ഒരുമ നി ട്ടൂർ, ഉദയ വനിത താളക്കളി ആവള എന്നി കോൽക്കളി സംഘങ്ങളുടെ അരങ്ങേറ്റം ചടങ്ങിന് മിഴിവേകി.

പ്രാചീന ഭാരതത്തിലെ ആദിമ ഗോത്രസംസ്കൃതിയിൽ രൂപം കൊണ്ടെന്ന് കരുതപ്പെടുന്ന കോൽക്കളി സമ്പ്രദായത്തെ കാലാന്തരത്തിൽ കേരളീയ സമൂഹം പല തവണ പരിവർത്തനം ചെയ്തെടുത്ത് രൂപികൃതമായ ഒരു ഇനമാണ് താളകോൽക്കളി. കേരളത്തിലെ മുസ്ലിം മാപ്പിള സമൂഹമാണ് താളകോൽക്കളി പ്രചാരപ്പെടുത്തിയത്. ഒരു നാടിനെ ഒന്നാകെ കോൽക്കളി എന്ന കലാരൂപത്തിനടിമപ്പെടുത്തിയ ചെന്താര കോൽക്കളി സംഘത്തെ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേരള ഫോക് ലോർ അക്കാദമി, കേരള ടൂറിസം വകുപ്പ് തുടങ്ങിയ സംഘടനകളിലും റജിസ്റ്റർ ചെയ്തിട്ടുണ്ട്. പി എം മഹേഷ് ഗുരുക്കൾ ചെമ്മരത്തൂർ, പി വത്സൻ, പി എം ബാബു എന്നിവർ രക്ഷാധികാരികളായും, കെ കെ ഷറിൽ പ്രസിഡണ്ടും ടി പി നാണു സെക്രട്ടറിയുമായ ചെന്താര കോൽക്കളി സംഘത്തിന്‍റെ കമ്മറ്റിയിൽ വൈസ് പ്രസിഡണ്ടുമാരായി കെ കെ ഷിജു, എം കെ.സജിലേഷ് എന്നിവരും ജോ:സെക്രട്ടറിമാരായി എം ബബീഷ്, വി കെ പ്രശാന്ത് എന്നിവരും എം പി രജിലേഷ് മാനേജറുമായ 27 അംഗ കമ്മറ്റിയാണ് ചെന്താരയുടെ പ്രയാണത്തെ മുന്നോട്ട് നയിക്കുന്നത്.

Follow Us:
Download App:
  • android
  • ios