കുട്ടികളിൽ ചിലർ നൽകിയ ഇയാളുടെ രൂപവും, 400 ഓളം ക്യാമറ ദൃശ്യങ്ങളും, വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ്റ്ററോ വാഹനത്തിന്റ വിവരങ്ങളും കേന്ദ്രീകരിച്ചു കൊല്ലം റൂറൽ ഡാൻസഫ് ടീം നടത്തി വന്ന അന്വേഷണത്തിനൊടുവിലാണ് ലിജോയെ പിടികൂടിയത്.

കൊല്ലം: സ്കൂട്ടറിൽ സഞ്ചരിച്ചു സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ആക്രമിക്കുന്നയാൾ പിടിയിൽ. പുത്തൂർ ആലയ്ക്ക ജംഗ്ഷനിൽ ചെറുമങ്ങാട് കുഴിയിൽ പുത്തെൻവീട്ടിൽ ലിജോ ജോസഫ് ആണ് കൊല്ലം റൂറൽ ഡാൻസഫ് ടീമിന്റെ പിടിയിലായത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നീല മാസ്റ്ററോ സ്കൂട്ടിയിൽ കറങ്ങി നടന്നാണ് പ്രതി സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ആക്രമിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പൊലീസ് പ്രതിയ്ക്കായി അന്വേഷണം വ്യാപകമാക്കിയിരുന്നുഈസ്റ്റ്‌ കല്ലട, ശൂരനാട് പൊലീസ് സ്റ്റേഷൻ പരിധികളിൽ ഇയാൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ആക്രമിച്ചതിനു പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്കൂട്ടറിന്റെ രെജിസ്ട്രേഷൻ നമ്പറിൽ ചെളി പുരട്ടിയും, നമ്പർ പ്ലേറ്റു മറച്ചു വെച്ചും ആളൊഴിഞ്ഞ ബൈറോഡുകളിൽ കറങ്ങി നടന്നു ഒറ്റപെട്ട സ്ഥലത്തുകൂടി നടന്നു വരുന്ന പെൺകുട്ടികളെയാണ് ആക്രമിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഇയാളെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണന്‍ ഐ.പി.എസ് ശാസ്താംകോട്ട ഡി.വൈ.എസ്.പി ശ്രീ അലക്സാണ്ടർ തങ്കച്ചന്റെ മേൽ നോട്ടത്തിൽ ജില്ലാ ഡാൻസാഫ് ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചിരുന്നു. കുട്ടികളിൽ ചിലർ നൽകിയ ഇയാളുടെ രൂപവും, 400 ഓളം ക്യാമറ ദൃശ്യങ്ങളും, വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ്റ്ററോ വാഹനത്തിന്റ വിവരങ്ങളും കേന്ദ്രീകരിച്ചു കൊല്ലം റൂറൽ ഡാൻസഫ് ടീം നടത്തി വന്ന അന്വേഷണത്തിനൊടുവിലാണ് ലിജോയെ പിടികൂടിയത്.

സ്കൂട്ടറിന്‍റെ നമ്പർ പ്ലേറ്റിൽ വ്യകതത ഇല്ലാത്തതും, മുഖം തിരിച്ചറിയുന്ന രീതിയിലുള്ള ദൃശ്യങ്ങൾ ലഭിക്കാത്തതും, കുറ്റകൃത്യത്തിന് ശേഷം ഇയാൾ പല വഴികളിൽ കൂടി പോയി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നതും പ്രതിയെ പിടികൂടുന്നതിന് വെല്ലുവിളിയായിരുന്നു. കൊല്ലം റൂറൽ ഡാൻസാഫ് ടീം പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഭൂരിഭാഗം സ്ഥലങ്ങളും തിരുവനത്തപുരം ജില്ലയുടെ അതിർത്തി പ്രദേശങ്ങളും യാത്ര ചെയ്തു ഇയാളെ പറ്റി വിപുലമായ അന്വേഷണം നടത്തിയിരുന്നു. വ്യാപകമായ തെരച്ചിലിനൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.