കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടിച്ചെടുത്തു. മിഠായിതെരുവ്, ഒയാസിസ് കോമ്പൗണ്ട്, പാളയം, പുതിയ ബസ്റ്റാൻഡ്, മാവൂർ റോഡ്, തൊണ്ടയാട് എന്നിവിടങ്ങളിലെ വൻകിട ടെക്സ്റ്റൈൽ ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ, ഹോൾസെയിൽ ഷോപ്പുകൾ എന്നിവിടങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്.

ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോർപ്പറേഷൻ നടപടി കർശനമാക്കിയത്. രാവിലെ 10 മണി മുതൽ തുടങ്ങിയ പരിശോധന വൈകുന്നേരം നാല് മണി വരെ നീണ്ടു. 25 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ ആറ് സ്ഥാപനങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, നോൺ വൂവൻ ബാഗുകൾ, ഡിസ്പോസിബിൾ പ്ലെയിറ്റുകൾ, ഗ്ലാസുകൾ തുടങ്ങി 340കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടിച്ചെടുത്തു.

കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി മോഹനൻ, പി ശിവൻ, സി കെ വത്സൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു ജയറാം, ഡെയിസൺ പി എസ്, ബൈജു കെ, ഷമീർ കെ, ഷാജു കെ ടി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന കർശനമാക്കുമെന്ന് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ആർ എസ് ഗോപകുമാർ അറിയിച്ചു.