സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2021 മുതൽ ബിൽ തുക അടക്കാത്ത 13 കണക്ഷനുകളാണ് കെ എസ് ഇ ബി വിച്ഛേദിച്ചത്
കൊച്ചി: 57 ലക്ഷം രൂപ കുടിശ്ശികയായതോടെ കെ എസ് ഇ ബി ഫ്യൂസ് ഊരിയ എറണാകുളം കളക്ട്രേറ്റിലെ രണ്ട് ഓഫീസുകളിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. മൈനർ ഇറിഗേഷൻ, ഇലക്ഷൻ ഓഫീസുകളാണ് ഫ്യൂസൂരിയതിന് പിന്നാലെയെത്തി ബില്ല് അടച്ചത്. രാവിലെ പത്ത് മണി മുതൽ ഈ ഓഫീസുകളിൽ കറണ്ടുണ്ടായിരുന്നില്ല. മറ്റ് ഓഫീസുകളുടെ കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്ന് ഉറപ്പ് കിട്ടേണ്ടതുണ്ടെന്നും എങ്കിൽ മാത്രമേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയുളളുവെന്നും വൈദ്യുതി വകുപ്പ് അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2021 മുതൽ ബിൽ തുക അടക്കാത്ത 13 കണക്ഷനുകളാണ് കെ എസ് ഇ ബി വിച്ഛേദിച്ചത്. ഇതോടെ 30 ൽ അധികം ഓഫീസുകൾ തൊഴിൽ ദിനം മുഴുവൻ ഇരുട്ടിലായി. പൊളളുന്ന ചൂടിലും ഫാൻ പോലുമില്ലാതെയാണ് ഇന്ന് ജീവനക്കാർ പ്രവർത്തിച്ചത്. യു പി എസ് ഉപയോഗിച്ച് ആദ്യ മണിക്കൂറുകളിൽ ചില കംപ്യൂട്ടറുകൾ പ്രവർത്തിപ്പിച്ചു. എന്നാൽ ഓഫീസുകളിൽ എല്ലായിടത്തും ജോലി മുടങ്ങി. ഓഫീസിലെത്തിയ ജനങ്ങൾ നിരാശരായി മടങ്ങി. 3 വർഷം മുതൽ അഞ്ച് മാസം വരെ കുടിശ്ശിക ആയ 13 കണക്ഷനുകളാണ് കെ എസ് ഇ ബി വിച്ഛേദിച്ചത്.
വിദ്യാഭ്യാസ വകുപ്പ് 92,000 രൂപ, റവന്യൂ വകുപ്പ് ഏഴ് ലക്ഷം രൂപ എന്നിവയടക്കം 57 ലക്ഷം രൂപയാണ് കളക്ടേറ്റിലെ വിവിധ ഓഫീസുകളിൽ കുടിശ്ശിക ഉണ്ടായിരുന്നത്. എന്നാൽ ഒരേ കണക്ഷനിൽ നിന്ന് പല ഓഫീസുകളിലേക്കും ഒരേ ലൈനായതിനാൽ 30 ഓഫീസുകളുടെ പ്രവർത്തനം താറുമാറായി. ബന്ധപ്പെട്ട വകുപ്പുകൾ ഫണ്ട് കൈമാറിയാണ് അതാത് ഓഫീസുകളിൽ ബില്ല് അടച്ചിരുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ ഫണ്ട് മുടങ്ങിയതോടെ കുടിശ്ശികയായി. അതോടെ കെ എസ് ഇ ബി ഫ്യൂസും ഊരി. കെ എസ് ഇ ബി കമ്പനിയായി മാറിയതോടെ കേന്ദ്ര മാനദണ്ഡം അനുസരിച്ചാണ് നടപടികൾ. നേരത്തെ കിട്ടിയ ഇളവുകൾ ഇനി പ്രതീക്ഷിക്കേണ്ടാത്ത അവസ്ഥയിൽ ഫണ്ട് കണ്ടെത്തി കുടിശ്ശിക തീർപ്പാക്കാനുള്ള തത്രപാടിലാണ് വിവിധ ഓഫീസുകൾ.
