തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി കണ്ടക്ടർക്ക് ക്രൂര മർദ്ദനം. ഇന്നലെ വൈകുന്നേരമാണ് സംഭവം. പാറശാലയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പാറശാല ഡിപ്പോയിലെ ആർ ആർ കെ 558 ലെ കണ്ടക്ടർ ആർ.എസ് രതീഷ് കുമാറിന്(31) ആണ് മർദ്ദനമേറ്റത്. സ്ത്രീകൾ യാത്ര ചെയ്യുന്ന ഭാഗത്തു നിന്നും മുന്നിലേയ്ക്ക് പോവുകാൻ കണ്ടക്ടർ നിർദേശിച്ചതിന്റെ വൈരാഗ്യമാണ് കണ്ടക്ടറെ മർദ്ദിയ്ക്കാനുള്ള കാരണമെന്നാണ് കണ്ടക്ടര്‍ പൊലീസിന് നല്‍കിയ മൊഴി. 

ബാലരാമപുരത്തിന് സമീപം വച്ച് കണ്ടക്ടർ യാത്രക്കാരനുമായി വാക്കേറ്റത്തിലാവുകയായിരുന്നു. തുടർന്ന് യാത്രക്കാരൻ സുഹൃത്തുക്കളെ വിളിച്ച് പറയുകയും വെടിവച്ചാൻ കോവിലിനു ഭാഗത്തു സംഘം ചേർന്ന് നിന്നവർ ബസ്സിൽ അതിക്രമിച്ച് കയറി. കണ്ടക്ടറെ ക്രൂരമായി മർദ്ദിയ്ക്കുകയായിരുന്നു. മർദ്ദനമേറ്റ കണ്ടക്ടറെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവുമായി ബന്ധപ്പെട്ട് ഒരാളെ നരുവാമൂട് പോലീസ് അറസ്റ്റു ചെയ്തു