വടകര - കോഴിക്കോട് റെയിൽവേ നിയന്ത്രണ സമയത്ത് യാത്രക്കാർക്കായി ബദൽ സർവീസ് ഏർപ്പെടുത്താത്ത കെഎസ്ആർടിസി നടപടിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. വീഴ്ച വരുത്തിയ കോഴിക്കോട് ഡിടിഒയോട് സെപ്റ്റംബർ 29 ന് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ കമ്മീഷൻ ഉത്തരവിട്ടു

കോഴിക്കോട്: വടകര - കോഴിക്കോട് ഭാഗത്ത് സെപ്റ്റംബർ 17 മുതൽ 30 വരെ റെയിൽവേ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യാർത്ഥം കെ എസ് ആർ ടി സി കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പിലാക്കാത്ത കോഴിക്കോട് ഡി ടി ഒയെ കമ്മീഷൻ വിളിച്ചുവരുത്തും. സെപ്റ്റംബർ 29 ന് കോഴിക്കോട് ഗവൺമെൻറ് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റെ ഉത്തരവ്. ആവശ്യമായ ഗതാഗത സൗകര്യം ഒരുക്കുന്നതിൽ ഉണ്ടായ വീഴ്ച സംബന്ധിച്ച് ഡി ടി ഒ രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കോഴിക്കോട് യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളുടെ യാത്രക്കാർക്ക് തുടർയാത്രയ്ക്ക് സൗകര്യമൊരുക്കുന്നതിനായി പകരം ഗതാഗതസൗകര്യം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കെ എസ് ആർ ടി സി കോഴിക്കോട് ഡി ടി ഒക്ക് കമ്മീഷൻ നിർദ്ദേശം നൽകി. റെയിൽവേ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന വിവരം പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ റെയിൽവേ പൊതുജനങ്ങളെ മുൻകൂട്ടി അറിയിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ യാത്രക്കാരുടെ ഗതാഗത ആവശ്യകത കണക്കിലെടുത്ത് ബദൽ സംവിധാനങ്ങൾ സമയബന്ധിതമായി ഒരുക്കുന്നതിന് കെ എസ് ആർ ടി സിക്ക് ഉത്തരവാദിത്തമുണ്ട്. ഇക്കാര്യത്തിൽ കെ എസ് ആർ ടി സി സ്വമേധയാ നടപടികൾ സ്വീകരിക്കേണ്ടതായിരുന്നു എന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player