ഇടുക്കി: പെരിയാർ ടൈഗർ റിസർവിന്റെ പരിസരപ്രദേശങ്ങളിൽ കുളമ്പ് രോഗം പടരുന്നു. രോഗം വന്യമൃഗങ്ങളിലേക്ക് പടരാതിരിക്കാൻ വനംവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. പെരിയാർ ടൈഗർ റിസർവിന് സമീപമുളള കുമളി,വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലും , തമിഴ്നാട്ടിലെ ചില ജില്ലകളിലും കുളമ്പ് രോഗം ബാധിച്ച് നിരവധി കന്നുകാലികൾ ചത്തിരുന്നു. 

പിടിആറിന് അകത്ത് ചത്ത കാട്ടുപോത്തിലും രോഗലക്ഷണങ്ങൾ കണ്ടെത്തി. ഈ സാഹചര്യത്തിൽ അതീവജാഗ്രതയിലാണ് വനംവകുപ്പ്. പിടിആറിലെ വെറ്റേർനറി വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേകടീം രൂപീകരിച്ച് കാടിനകത്തും, നാട്ടുപ്രദേശങ്ങളിലും പരിശോധന തുടങ്ങിക്കഴിഞ്ഞു.

കാട്ടുപോത്ത്,മാനുകൾ,മ്ലാവ്,ആന എന്നിവയിലേക്ക് രോഗം പടരാനുള്ള സാധ്യതകൾ ഉണ്ട്. ഈ സാഹചര്യത്തിൽ നാട്ടിലെ കന്നുകാലികളെ വനത്തിൽ മേയുന്നതിന് കർശ്ശന നിയന്ത്രണം ഏർപ്പെടുത്തി. വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ മരുന്നുകൾ നൽകുന്നതിനുള്ള നടപടികളും മൃഗസംരക്ഷണവകുപ്പുമായി ചേർന്ന് തുടങ്ങിയിട്ടുണ്ട്.