നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടര്‍ന്ന് മണ്ണ് കടത്തിയ ടിപ്പറും ജെ സി ബിയും അടക്കമുള്ളവ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍, ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ വാഹനങ്ങള്‍ പൊലീസിന് വിട്ടു നല്‍കേണ്ടിവന്നു. ഇപ്പോള്‍ വീണ്ടും ഇവിടങ്ങളില്‍ മണ്ണ് കടത്ത് തുടരുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടി

തൃശൂര്‍: പീച്ചി ഡാമിനോട് ചേര്‍ന്ന് പ്രളയകാലത്ത് രണ്ടായി പിളര്‍ന്ന കുന്ന് ഇടിച്ച് മണ്ണ് കടത്തുന്നതായി പരാതി. ഉരുള്‍പ്പൊട്ടലും മല ഇടിച്ചിലും ഉണ്ടായ പൂവ്വന്‍ചിറ, ചെന്നായ്പാറ, ഉരുളന്‍കുന്ന്, പയ്യനം, മയിലാട്ടുംപാറ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകളിലാണ് വ്യാപകമായ കുന്നിടിക്കലും മണ്ണെടുപ്പും നടക്കുന്നതെന്ന് നാട്ടുകാര്‍ പരാതി പറയുന്നത്. അടുത്തൊരു മഴയില്‍ ജീവന്‍ അപകടത്തിലാണെന്ന ഭീതിയും പ്രദേശത്ത് താമസിക്കുന്നവര്‍ പങ്കുവയ്ക്കുന്നു.

നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടര്‍ന്ന് മണ്ണ് കടത്തിയ ടിപ്പറും ജെ സി ബിയും അടക്കമുള്ളവ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍, ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ വാഹനങ്ങള്‍ പൊലീസിന് വിട്ടു നല്‍കേണ്ടിവന്നു. ഇപ്പോള്‍ വീണ്ടും ഇവിടങ്ങളില്‍ മണ്ണ് കടത്ത് തുടരുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

പാണഞ്ചേരി പഞ്ചായത്തിലാണ് മണ്ണെടുപ്പ് നടക്കുന്നത്. കൊമ്പഴ, ഇരുമ്പ്പാലം, വഴുക്കുംപാറ, ചുവന്നമണ്ണ്, കണ്ണാറകുന്ന്, പയ്യനം, വീണ്ടശേരി പ്രദേശങ്ങള്‍. പൊലീസ് നടപടിയെ തുടര്‍ന്ന് നിര്‍ത്തിവച്ച മണ്ണ് കടത്ത് വീണ്ടും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ട്. നാട്ടുകാരുടെ പരാതിയില്‍ പിടിച്ചെടുത്ത വാഹനങ്ങളില്‍ തന്നെയാണ് ഇപ്പോഴും മണ്ണ് കടത്ത്.