അരൂരിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ജോലിക്കായി എത്തിയ തൊഴിലാളി കൂടുതൽ കൂലി ചോദിച്ചതിനെ തുടർന്നായിരുന്നു ക്രൂരത

ആലപ്പുഴ: ജോലിക്ക് കൂടുതൽ കൂലി ആവശ്യപ്പെട്ട വിരോധത്തിൽ തൊഴിലാളിയെ മർദിച്ചുകൊന്ന കേസിൽ പ്രതിക്ക് അഞ്ചു വർഷം തടവ്. തിരുവനന്തപുരം നെയ്യാറ്റിൻകര കാഞ്ഞിരംകുളം ചാവടി കാക്കത്തോട്ടം ഉന്നതിയിൽ മനോഹര (50) നെ കൊലപ്പെടുത്തിയ കാഞ്ഞിരംകുളം രവിനഗർ ഉന്നതിയിൽ ദാസനെയാണ് (56) ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ട് ജഡ്ജി എസ് ഭാരതി ശിക്ഷിച്ചത്. 2016 ഏപ്രിൽ രണ്ടിന് രാത്രിയായിരുന്നു സംഭവം.

അരൂരിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ജോലിക്കായി എത്തിയതായിരുന്നു ഇരുവരും. കൂലി കൂട്ടിച്ചോദിച്ച വിരോധത്തിൽ മനോഹരനെ, വാടകയ്ക്ക് താമസിച്ചിരുന്ന അരൂർ മോഹം ആശുപത്രിക്ക് പടിഞ്ഞാറ് കോലേത്ത് വീട്ടിൽ വെച്ച് സൂപ്പർവൈസറായ ദാസ് താക്കോൽ കൊണ്ട് ഇടിച്ചുകൊല്ലുകയായിരുന്നു. മനോഹരന്റെ മൃതദേഹം പിറ്റേന്ന് രാവിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയശേഷം പ്രതി പൊലീസിൽ അറിയിക്കാതെ ആംബുലൻസിൽ തിരുവനന്തപുരത്തുള്ള മനോഹരന്റെ സഹോദരിയുടെ വസതിയിൽ എത്തിച്ചു.

ബന്ധുക്കൾക്ക് മരണത്തിൽ സംശയം തോന്നിയതിനാൽ കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അരൂർ പൊലീസിന് കൈമാറി. കുത്തിയതോട് പൊലീസ് ഇൻസ്പെക്ടർ കെ.ആർ മനോജ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ സജീവ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. കേസിനിടയിൽ സാക്ഷികൾ കൂറുമാറി. സിപിഒമാരായ മാത്യുവും അനിൽകുമാറും പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് എ ശ്രീമോൻ ഹാജരായി