Asianet News MalayalamAsianet News Malayalam

'കോബ്ര അല്ല കിം​ഗ് കോബ്ര'; സിനിമയിൽ വയർലെസ് എങ്കിൽ ഇവിടെ ലാപ്ടോപ്; അന്വേഷണം തുടങ്ങി പന്തീരങ്കാവ് പൊലീസ്

അലൻ- താഹ കേസുള്‍പ്പെടെയുള്ള പ്രധാന വിവരങ്ങളടങ്ങിയ ലാപ്ടോപാണ് സ്റ്റേഷനില്‍ നിന്ന് കാണാതായത്. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം മോഷണക്കുറ്റം ചുമത്തി കേസ് എടുത്തെങ്കിലും എഫ്ഐആറില്‍ ആരുടെയും പേര് വച്ചിട്ടില്ല. 

laptop missing from pantheerankavu police station
Author
Kozhikode, First Published Nov 4, 2021, 12:46 PM IST

കോഴിക്കോട്: സ്വന്തം സ്റ്റേഷനിൽ നിന്ന് ‌കളവുപോയ ലാപ്ടോപ് കണ്ടെത്താനായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി കോഴിക്കോട്ടെ പന്തീരങ്കാവ് പൊലീസ്. അലൻ- താഹ കേസുള്‍പ്പെടെയുള്ള പ്രധാന വിവരങ്ങളടങ്ങിയ ലാപ്ടോപാണ് സ്റ്റേഷനില്‍ നിന്ന് കാണാതായത്. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം മോഷണക്കുറ്റം ചുമത്തി കേസ് എടുത്തെങ്കിലും എഫ്ഐആറില്‍ ആരുടെയും പേര് വച്ചിട്ടില്ല.

എബ്രിഡ് ഷൈന്റെ നിവിൻ പോളി ചിത്രം ആക്ഷൻ ഹീറോ ബിജുവിലെ ഹെഡ് കോൺസ്റ്റബിൾ മിനിമോന്റെ അവസ്ഥയിൽ ആണ് പന്തീരങ്കാവ് പൊലീസ്. സിനിമയിൽ വയർലെസ് സെറ്റാണ് കാണാതായതെങ്കിൽ ഇവിടെ ലാപ്ടോപ് ആണെന്ന് മാത്രം. സിനിമയിലെ മേജർ രവി അവതരിപ്പിക്കുന്ന കഥാപാത്രം ചോദിക്കുന്നത് പോലെ സ്റ്റേഷനിലെ സ്വത്തുക്കൾ അവിടെ തന്നെയുണ്ടോയെന്ന് ചോദിച്ചാൽ പന്തീരങ്കാവ് പൊലീസും നിവിൻ പോളി നിൽക്കും പോലെ മറുപടി ഇല്ലാതെ നിൽക്കേണ്ടി വരും.

കുറ്റകൃത്യങ്ങൾ തടയുന്നതിനായി പൊലീസ് സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ് വർക്ക് സംവിധാനമുളള ലാപ്ടോപ് കൂടിയാണ് കാണാതായത്. കാണാതായ സാഹചര്യമാണ് അതിലും പരിതാപകരം. മഴയൊന്ന് പെയ്താൽ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ നിന്ന് സാധനങ്ങൾ മറ്റൊരു കെട്ടിടത്തിലേക്ക് താൽക്കാലികമായി മാറ്റിയിരുന്നു. തുട‍ർന്ന് സാധനങ്ങൾ തിരികെയെത്തിച്ചപ്പോൾ ലാപ്ടോപ് മാത്രം കാണാനില്ല. കഴിഞ്ഞ മാസം 12നായിരുന്നു സംഭവം.

സിസിടിവിയുൾപ്പെടെ കേന്ദ്രീകരിച്ച് ഒരാഴ്ച അന്വേഷണം നടന്നു. തുടർന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷണർ നിർദ്ദേശിച്ചതനുസരിച്ച് പന്തീരങ്കാവ് പൊലീസ് മോഷണം ഉൾപ്പെടെയുളള വകുപ്പുകൾ ചേർത്ത് കേസെടുക്കുകയായിരുന്നു. പന്തീരങ്കാവ് സിഐക്കാണ് അന്വേഷണ ചുമതല.

 

Follow Us:
Download App:
  • android
  • ios