ഇടുക്കി: രണ്ടുമാസത്തിനിടെ മൂന്നാറില്‍ പുതിയതായി ആരംഭിച്ചത് പത്തോളം പലവ്യഞ്ജന സ്ഥാപനങ്ങള്‍. അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയതും മറ്റ് കച്ചവടങ്ങള്‍ നിലച്ചതുമാണ് ഇത്തരം സ്ഥാപനങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. ഇതോടെ മൂന്നാര്‍ ടൗണില്‍ അടഞ്ഞുകിടക്കുന്ന വ്യാപരസ്ഥാപനങ്ങളുടെ എണ്ണം കുറവായി. 

തോട്ടംമേഖലയെ ആശ്രയിച്ചാണ് മൂന്നാറില്‍ ആദ്യകാലങ്ങളില്‍ പച്ചക്കറി പലവ്യഞ്ജന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടു തന്നെ വിരളിലെണ്ണാവുന്ന സ്ഥാപനങ്ങള്‍ മാത്രമാണ് ടൗണിലുണ്ടായിരുന്നത്. സന്ദര്‍ശകരുടെ തിരക്കേറിയതോടെ ഇതില്‍ പലതും സ്പൈസസും ഹാന്റിക്രാപ്റ്റ് വ്യാപാര സ്ഥാപനങ്ങളായി മാറി. കൊറോണ പടര്‍ന്നുപിടിക്കുന്നതിന് മുമ്പ് നൂറുകണക്കിന് കച്ചവട സ്ഥാപനങ്ങളാണ് മൂന്നാറില്‍ കൂണുപോലെ മുളച്ചത്. എന്നാല്‍ കൊവിഡെന്ന മഹാമാരിയില്‍ ടൂറിസം പൂര്‍ണ്ണമായി നിലച്ചതോടെ സന്ദര്‍ശകരുടെ തിരക്ക് നിലച്ചു. 

ദിവസ വാടകപോലും കൊടുക്കുവാന്‍ കഴിയാതെ വന്നതോടെ പലരും കച്ചവട സ്ഥാപനങ്ങള്‍ പൂട്ടി നാട്ടിലേക്ക് മടങ്ങി. ഇതോടെയാണ് കടയുമകള്‍ അത്യാവശ്യ വസ്തുക്കളുടെ വില്പന ആരംഭിച്ചത്. മൂന്നാര്‍ ജനറല്‍ ആശുപത്രി മുതല്‍ ആര്‍ ഒ ജംങ്ഷൻവരെ പത്തോളം കടകളാണ് പുതിയതായി ആരംഭിച്ചിരിക്കുന്നത്.