തിരുവനന്തപുരം:  സംസ്ഥാനത്തെ തദ്ദേശസ്വയംഭരണവാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മേൽക്കൈ നേടി ഇടതുമുന്നണി. ആകെയുള്ള 39 സീറ്റുകളിൽ എൽഡിഎഫ് 21 സീറ്റുകൾ നേടി. യുഡിഎഫിന് 12 സീറ്റുകളുണ്ട്. ബിജെപിയും എസ്ഡിപിഐയും രണ്ട് വീതം സീറ്റുകളാണ് നേടിയത്. ശബരിമല പ്രശ്നം കത്തിനിൽക്കുമ്പോൾ തദ്ദേശഭരണതെരഞ്ഞെടുപ്പിലെ ഈ നേട്ടം എൽഡിഎഫിന് ആശ്വാസമാണ്. നിലപാടുകൾക്കുള്ള അംഗീകാരമാണിതെന്ന് എൽഡിഎഫ് അവകാശപ്പെടുന്നു. 

വിശദമായ ഫലം ഇങ്ങനെ: 

എറണാകുളം ജില്ല

എറണാകുളം ജില്ലയില്‍ മുഴുവന്‍ സീറ്റുകളിലും ഇടതുമുന്നണി സ്ഥാനാർത്ഥികള്‍ക്ക് ജയം. യുഡിഎഫിന്‍റെ 3 സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്താണ് ഇടതുമുന്നണി വ്യക്തമായ മേധാവിത്വം നേടിയത്.

തൃപ്പൂണിത്തുറ നഗരസഭ, വടക്കേക്കര, കോട്ടുവള്ളി  പഞ്ചായത്തുകളിലെ വാർഡുകളാണ് എൽഡിഎഫ് യുഡിഎഫിൽ നിന്നും പിടിച്ചെടുത്തത്. എളങ്കുന്നപ്പുഴ പഞ്ചായത്ത്, പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ വടക്കേക്കര, കോട്ടുവള്ളി വാർഡുകളും എൽഡിഎഫ് നിലനിർത്തി. 

തൃപ്പൂണിത്തുറ നഗരസഭ മാരാംകുളങ്ങര ldf സ്ഥാനാർഥി കെ.ജെ. ജോഷി  വിജയിച്ചു.. ഭൂരിപക്ഷം 453. പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി രജിത ശങ്കർ  വിജയിച്ചു. ഭൂരിപക്ഷം 821. പറവൂർ വടക്കേക്കര എൽഡിഎഫ് സ്ഥാനാർഥി പി.എ.ജോസ് വിജയിച്ചു. ഭൂരിപക്ഷം 181. പറവൂർ കോട്ടുവള്ളി  എൽഡിഎഫ് സ്ഥാനാർഥി ആശ സെന്തിൽ വിജയിച്ചു. ഭൂരിപക്ഷം 32. വൈപ്പിൻ എളങ്കുന്നപ്പുഴ എൽഡിഎഫ് സ്ഥാനാർഥി വി.കെ. സമ്പത്ത് കുമാർ വിജയിച്ചു. ഭൂരിപക്ഷം 366. 

തൃശ്ശൂർ

തൃശ്ശൂർ ജില്ലയിൽ അഞ്ച് ഇടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എല്ലാ സീറ്റിലും എൽഡിഎഫിന് ജയം. ഒരു വാർഡ് ബിജെപിയിൽ നിന്ന് പിടിച്ചെടുക്കുകയും നാലെണ്ണം നിർത്തുകയും ചെയ്തു. ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ടാം വാ‍ർഡിൽ കെ എ കൃഷ്ണകുമാർ, കടവല്ലൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ രാജൻ, ചേലക്കര പഞ്ചായത്ത് രണ്ടാം വാ‍‍‍ർഡിൽ ഗിരീഷ് പറങ്ങോടൻ, വള്ളത്തോൾ നഗർ പഞ്ചായത്ത് 14ആം വാർഡിൽ പി.നിർമലാ ദേവി എന്നിവർ എൽഡിഎഫ് സീറ്റുകൾ നിലനിർത്തി. പറപ്പൂക്കര പഞ്ചായത്ത് രണ്ടാം വാർഡിൽ പി ജെ സിബി ബിജെപിയിൽ നിന്ന് സീറ്റ് തിരികെപ്പിടിച്ചു.

പത്തനംതിട്ട

പത്തനംതിട്ട നഗരസഭ പതിമൂന്നാം ഡിവിഷനിൽ യുഡിഎഫ് വിമതന് ജയം. അൻസാർ മുഹമ്മദാണ് ജയിച്ചത്. പന്തളം നഗരസഭാ പത്താം ഡിവിഷൻ എസ്‍ഡിപിഐ സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്തു.

വയനാട്

സുൽത്താൻ ബത്തേരി നഗരസഭയിൽ കരുവള്ളിക്കന്ന് വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിന്‍റെ റിനു ജോൺ ആണ് വിജയിച്ചത്. ഇതോടെ നഗരസഭയിൽ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി. എൽഡിഎഫിനും യുഡിഎഫിനും 17 വീതം സീറ്റുകളായി. ബിജെപിക്ക് ഇവിടെ ഒരു സീറ്റുണ്ട്. എൽഡിഎഫ് ആറ് സീറ്റുകൾ പിടിച്ചെടുത്തപ്പോൾ നാലെണ്ണം നഷ്ടമായി. യുഡിഎഫിന് എട്ട് സീറ്റ് നഷ്ടമായപ്പോൾ രണ്ട് സീറ്റ് പിടിച്ചെടുത്തു.

പാലക്കാട്

തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോതച്ചിറ ഡിവിഷനിൽ എൽഡിഎഫിന് വേണ്ടി കെ.പി.ഉഷ സീറ്റ് നിലനിർത്തി. ഭൂരിപക്ഷം 2373. പുതുപ്പരിയാരം പഞ്ചായത്ത് കളക്കണ്ടാംപറ്റ വാർഡ് സിപിഎം നിലനിർത്തി. ഷിമൽ കുമാർ ആണ് ജയിച്ചത്, ഭൂരിപക്ഷം 614.

കോട്ടയം

രാമപുരം അമനക്കര വാർഡിൽ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി ബെന്നി തെരുവത്ത് ജയിച്ചു. കഴി‍ഞ്ഞ തവണ സ്വതന്ത്രൻ ജയിച്ച സീറ്റായിരുന്നു ഇത്. 

ഇടുക്കി

കുടയത്തൂർ കൈപ്പ വാർഡിൽ സിപിഎമ്മിനെ അട്ടിമറിച്ച് സിപിഐ സ്വതന്ത്രൻ പി കെ ശശി ജയിച്ചു. ഭൂരിപക്ഷം 74. അടിമാലി പഞ്ചായത്തിലെ തലമാലി വാർഡ് കോൺഗ്രസിനുവേണ്ടി മഞ്ജു ബിജു നിലനിർത്തി. ഭൂരിപക്ഷം 133. കൊന്നത്തടി മുനിയറ നോർത്ത് സിപിഎമ്മിൽ നിന്നും കോൺഗ്രസ് പിടിച്ചെടുത്തു. ബിനോയ് മാത്യു ആണ് ജയിച്ചത്. ഭൂരിപക്ഷം 194.

ആലപ്പുഴ

തകഴി പഞ്ചായത്തിലെ അഞ്ചാം വാർഡിലും കാവാലം പഞ്ചായത്തിലെ പത്താം വാർഡിലും ബിജെപി ജയിച്ചു. രണ്ടിടത്തും കോൺഗ്രസിൽ നിന്നാണ് ബിജെപി സീറ്റ് പിടിച്ചെടുത്തത്. തകഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡ് കോൺഗ്രസും പുന്നപ്ര തെക്ക് വാർഡ് എസ്ഡിപിഐയും നിലനിർത്തി.

കൊല്ലം

വിലക്കുടി പഞ്ചായത്ത് കുന്നിക്കുടി നോർത്ത് വാർഡ് യുഡിഎഫിന് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. ലീന റാണി ആണ് വിജയിച്ചത്. ഭൂരിപക്ഷം 146.

കണ്ണൂർ

കണ്ണൂരിൽ രണ്ടുവീതം എൽഡിഎഫും യുഡിഎഫും നിലനിർത്തി. കണ്ണുർ ബ്ലോക്ക് പഞ്ചായത്ത് വൻകുളത്ത് വയൽ ഡിവിഷൻ എൽഡിഎഫിനുവേണ്ടി സിപിഎം സ്ഥാനാർത്ഥി പി.പ്രസീദ വിജയിച്ചു. ഭൂരിപക്ഷം 1717. ന്യൂമാഹി പഞ്ചായത്തിലെ ചവോക്കുന്ന് വാർഡ് യുഡിഎഫിനുവേണ്ടി മുസ്ലീം ലീഗിലെ സി കെ മഹ്‍റൂഫ് നിലനിർത്തി. ഭൂരിപക്ഷം 50. പയ്യന്നൂർ പഞ്ചായത്തിലെ കോട്ടക്കുന്ന് വാർഡിൽ സിപിഎം സ്ഥാനാർത്ഥി സുലാഹ ഷംസുദ്ദീൻ വിജയിച്ചു. ഭൂരിപക്ഷം 229. നടുവിൽ പഞ്ചായത്ത് അറയ്ക്കൽ താഴെ വാർഡ് മുസ്ലീം ലീഗിനുവേണ്ടി കെ മുഹമ്മദ് കുഞ്ഞി നിലനിർത്തി. ഭൂരിപക്ഷം 594.

കോഴിക്കോട്

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പലേരി ഡിവിഷൻ എൽഡിഎഫിന് വേണ്ടി എൻസിപിയുടെ കിഴക്കയിൽ ബാലൻ നിലനിർത്തി. ഭൂരിപക്ഷം 1212.

മലപ്പുറം

മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന നാല് വാർഡുകളിൽ രണ്ടിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും ജയിച്ചു. അമരമ്പലം ഉപ്പുവള്ളി വാർ‍ഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് തിരിച്ചുപിടിച്ചു. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി അനിതാ രാജു ആണ് ജയിച്ചത്. ഭൂരിപക്ഷം 164. വളാഞ്ചേരി നഗരസഭയിലെ മീമ്പാറ ഡിവിഷൻ യു‍‍ഡിഎഫിന് വേണ്ടി എം ഫാത്തിമ നസിയ നിലനിർത്തി. ഭൂരിപക്ഷം 55. വട്ടംകുളം പഞ്ചായത്ത് മേൽമുറി വാ‍ർഡിൽ എൽഡിഎഫിലെ കെ വി കുമാരൻ ജയിച്ചു. ഭൂരിപക്ഷം 61. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഐക്കരപ്പടി ഡിവിഷൻ യുഡിഎഫിനുവേണ്ടി ഫൈസൽ കൊല്ലോളി നിലനിർത്തി. ഭൂരിപക്ഷം1354.