Asianet News MalayalamAsianet News Malayalam

നിയമ കുരുക്ക് നീങ്ങി, ഗവി ഇനി പരിധിക്ക് പുറത്തല്ല; ടവർ നിർമിച്ച് ബിഎസ്എൻഎൽ

ടവർ സ്ഥാപിക്കുന്നതിന് 2022ൽ നടപടികൾ ആരംഭിച്ചെങ്കിലും ഗവി ഉൾപ്പെടുന്ന  സ്ഥലം സ്ഥിതി ചെയ്യുന്നത് പെരിയാർ കടുവാ സങ്കേതത്തിന്റെ ഉള്ളിലായതിനാൽ  കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമായിരുന്നു. ഇത് ലഭിക്കുന്നതിന് കാലതാമസമുണ്ടായി.

Legal issues over Gavi is not in out of coverage area BSNL constructed tower
Author
First Published Aug 26, 2024, 11:58 AM IST | Last Updated Aug 26, 2024, 11:58 AM IST

പത്തനംതിട്ട: നിയമ കുരുക്കുകൾ മാറിയതോടെ ഗവി ഇനി പരിധിക്ക് പുറത്തല്ല. നിയമ കുരുക്കുകൾ മാറി ടവർ നിർമാണം ബിഎസ്എൻഎൽ പൂർത്തിയാക്കി. ബിഎസ്എൻഎൽ അധികൃതർ ടവർ സ്ഥാപിക്കുന്നതിന് 2022ൽ നടപടികൾ ആരംഭിച്ചെങ്കിലും ഗവി ഉൾപ്പെടുന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് പെരിയാർ കടുവാ സങ്കേതത്തിന്റെ ഉള്ളിലായതിനാൽ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമായിരുന്നു. ഇത് ലഭിക്കുന്നതിന് കാലതാമസമുണ്ടായി.

ആന്‍റോ ആന്‍റണി എംപിയുടെ നിരന്തരമായ ഇടപെടലിന് ശേഷം കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പത്രം ലഭിച്ചു. തുടർന്ന് ബിഎസ്എൻഎല്ലിന്‍റെ മേൽനോട്ടത്തിൽ ടവറിന്‍റെ നിർമാണ ചുമതലകൾ ഏറ്റെടുത്ത് ടവർ നിർമ്മാണം പൂർത്തീകരിച്ചു. 60 ലക്ഷം രൂപയ്ക്കടുത്താണ് നിർമാണ ചെലവെന്ന് ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു.

വിനോദ സഞ്ചാര മേഖലയായ ഗവി സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിലെ ഒന്നാം വാർഡിലാണ്. ലോക ശ്രദ്ധയാകർഷിച്ച സഞ്ചാരികളുടെ മനം കവരുന്ന ആകർഷണീയമായ വിനോദ സഞ്ചാര കേന്ദ്രമാണിവിടം. സ്വദേശികളും വിദേശികളുമായ നിരവധിയാളുകൾ ഗവിയിൽ എത്തുന്നുണ്ട്. പത്തനംതിട്ടയിലെ ആങ്ങമുഴി ചെക്ക് പോസ്റ്റ് വഴി ഗവി കണ്ട് വള്ളക്കടവ് വണ്ടിപ്പെരിയാർ വഴി ദിനംപ്രതി സഞ്ചാരികൾ മടങ്ങിപ്പോകുന്നു. അതുപോലെ തന്നെ കുമളി, വണ്ടിപ്പെരിയാർ വള്ളക്കടവ് വഴിയും നിരവധി വിനോദ സഞ്ചാരികൾ ഗവിയിൽ എത്തുന്നുണ്ട്.

പെരിയാർ കടുവാ സങ്കേതത്തിന്റെ നടുവിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. ഇവിടെ കെ.എഫ് ഡി.സി.യുടെ ഏലത്തോട്ടത്തിൽ ഇരുന്നൂറോളം തൊഴിലാളികളും ഇരുപതിനടുത്തായി ജീവനക്കാരും ഉണ്ട്. ബാങ്ക്, സ്കൂൾ , കോളേജ്, വൈദ്യുതി വകുപ്പ് തുടങ്ങി കാര്യങ്ങൾക്ക് ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത് സമീപ ജില്ലയായ ഇടുക്കിയെ ആണ്. ഗവിയിൽ നിന്ന് വണ്ടിപ്പെരിയാറിന് 24 കിലോ മീറ്റർ ദൂരമാണുള്ളത്. ഇവർക്ക് ഒരു ആവശ്യം വന്നാൽ പുറം ലോകത്തെ ബന്ധപ്പെടുന്നതിനായി ഒരു മാർഗ്ഗവും ഇല്ലായിരുന്നു. തൊഴിലാളികളുടെയും ജീവനക്കാരുടെയും നിരന്തരമായ ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios