കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ കോഴിക്കോട് ജില്ലയില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത്  14804 വീടുകള്‍. പദ്ധതിയില്‍ സംസ്ഥാനത്ത് രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ശനിയാഴ്ച  വൈകിട്ട് മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വ്വഹിക്കും.

2,14,000 ത്തിലേറെ വീടുകളാണ് സംസ്ഥാനത്ത് ഇതുവരെ പൂര്‍ത്തീകരിച്ചത്. ചടങ്ങിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ െഫെബ്രുവരി 29 ന് വൈകീട്ട് മൂന്നു മണിയ്ക്ക് പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തും.  കോഴിക്കോട് ജില്ലയിലെ ഭവന പൂര്‍ത്തീകരണ പ്രഖ്യാപനം ടാഗോര്‍ ഹാളില്‍ വൈകിട്ട് നാലു മണിക്ക് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വ്വഹിക്കും. പഞ്ചായത്ത് തലത്തില്‍ വിപുലമായ പരിപാടികളോടെ ഗുണഭോക്താക്കളുടെ ഒത്തുചേരല്‍ സംഘടിപ്പിക്കും. 

കേരളത്തിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ക്ക് സമഗ്ര പരിഹാര കാണുക എ ലക്ഷ്യത്തോടെ 2017 ലാണ് ലൈഫ് മിഷന്‍ ആരംഭിച്ചത്. മൂന്നു ഘട്ടങ്ങളായാണ് ലൈഫ് മിഷന്‍ പദ്ധതി വിഭാവനം ചെയ്തത്.   ഒന്നാംഘട്ടത്തില്‍ 2000-01 മുതല്‍ 2015-16 സാമ്പത്തിക വര്‍ഷം വരെ വിവിധ സര്‍ക്കാര്‍ ഭവനനിര്‍മ്മാണ പദ്ധതികള്‍ പ്രകാരം ധനസഹായം ലഭിച്ചിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്കുള്ള വീടുകള്‍ യാഥാര്‍ത്ഥ്യമാക്കുകയും രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മാണവും മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം.