ആൺകുട്ടികളെപ്പോലെ മുടിവെട്ടി, ഷർട്ടും പാന്റ്സുമിട്ട് ക്ഷേത്ര പരിസരത്ത് ചുറ്റിനടന്ന രജിതയെ ആരും തിരിച്ചറിഞ്ഞില്ല. 

കൊച്ചി: ജീവിതം തെരുവിലേക്ക് വലിച്ചെറിയപ്പെടുക. അവിടെ നിന്ന് വെയിൽ മഴയും ഏറ്റ് ഒറ്റക്കായിട്ടും പൊരുതി മുന്നേറുക. പെരുമ്പാവൂർ മാർത്തോമ വനിത കോളേജ് യൂണിയൻ ചെയർപെഴ്സൺ കെ എൽ രജിതയുടേത് കഥയെ വെല്ലുന്ന ജീവിതമാണ്. ചരിത്ര - പുരാവസ്തു വിഭാഗം ഒന്നാം വർഷ വിദ്യാർഥിനിയായ രജിത കോളേജ് യൂണിയൻ ചെയർപേഴ്സൺ കൂടിയാണ്.

എന്നാൽ തിരുവനന്തപുരം കിളിമാനൂരിൽ നിന്ന് പെരുമ്പാവൂർ വരെ തളരാതെ ഓടിയ രജിതയ്ക്ക് ഉൾക്കരുത്ത് മാത്രമാണ് ജീവിത ഇന്ധനം. എട്ടുകൊല്ലം മുൻപ് അമ്മ റീന മരിച്ചു. കൂലിപ്പണിക്കാരനായ അച്ഛൻ കുടക് സ്വദേശിയാണ്. അനിയനെയും ഒപ്പം കൂട്ടി അച്ഛൻ അവിടേക്ക് പോയി. ഒറ്റയ്ക്കായ രജിത പെരുമ്പാവൂർ മാർത്തോമ കോളേജിൽ പ്രവേശനം നേടി. സ്കൂളിലെ കബഡി താരത്തിന് സ്പോർട്സ് ക്വാട്ടയിൽ കിട്ടിയ അഡ്മിഷൻ. ജൂലായിലാണ് ക്ലാസ് തുടങ്ങുന്നതെങ്കിലും അത് വരെ താമസിക്കാൻ രജിതക്കൊരു സ്ഥലമില്ലായിരുന്നു.

അങ്ങനെ രാത്രികൾ പെരുമ്പാവൂർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന്റെ നടപ്പന്തലിൽ കഴിച്ചുകൂട്ടി. ആൺകുട്ടികളെപ്പോലെ മുടിവെട്ടി, ഷർട്ടും പാന്റ്സുമിട്ട് ക്ഷേത്ര പരിസരത്ത് ചുറ്റിനടന്ന രജിതയെ ആരും തിരിച്ചറിഞ്ഞില്ല. മിക്ക ദിവസങ്ങളിലും ക്ഷേത്രത്തിൽനിന്നു ലഭിച്ച പ്രസാദവും പലരും തന്നെ പൊതിച്ചോറും കഴിച്ച് വിശപ്പടക്കി. ദിവസങ്ങളോളം പ്രാഥമികാവശ്യങ്ങൾക്കായി ചില സുഹൃത്തുക്കളുടെ ഹോസ്റ്റലിലും പെട്രോൾ പമ്പുകളിലുമെത്തി. ഏതാനും കൂട്ടുകാർക്കു മാത്രമായിരുന്നു ഇതെല്ലാം അറിയാമായിരുന്നത്. 

കോളേജിലെത്തിയതും എല്ലാം മാറി. അദ്ധ്യാപകർ ഇടപെട്ട് ഹോസ്റ്റലിൽ താമസം റെഡിയാക്കി. എല്ലാത്തിനും അദ്ധ്യാപകരുടെയും സുഹൃത്തുക്കളുടെയും പിന്തുണ. അങ്ങനെ 186-നെതിരേ 269 വോട്ടുനേടിയാണ് രജിത കോളേജ് യൂണിയൻ ചെയർപേഴ്സണുമായി. തിരുവനന്തപുരം ജില്ലാ ടീമിനു വേണ്ടി ക്രിക്കറ്റ് ജേഴ്സി അണിഞ്ഞിട്ടുണ്ട് രജിത. കായിക മത്സരങ്ങളിൽ പ്രകടനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് രജിത പറയുന്നു. ജീവിതത്തിൽ ഇനിയങ്ങോട്ടും തളരില്ലെന്ന് രജിതക്കുറപ്പാണ്.

യുകെയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് മികച്ച അവസരം; റിക്രൂട്ട്മെന്‍റുകള്‍ നാളെ തുടങ്ങും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്