ഏറ്റവും മുകള്‍ നിലയിലേക്കുള്ള ആറു ലിഫ്റ്റുകളില്‍ അഞ്ചെണ്ണം നിര്‍ത്തിവച്ച് ഒരു ലിഫ്റ്റ് മാത്രം ജൂനിയര്‍ ഡോകടര്‍മാര്‍ സുരക്ഷയുടെ ഭാഗമായി ഉപയോഗിച്ചാല്‍ മതിയെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ തിരുമാനിക്കുകയായിരുന്നു.
തൃശൂർ: മുളകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജുനിയര്‍ ഡോകടര്‍മാര്‍ താമസിക്കുന്ന ബ്ലോക്കിലേക്കുള്ള ആറു ലിഫ്റ്റുകളില്‍ അഞ്ച് ലിഫ്റ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. കഴിഞ്ഞ ദിവസം രണ്ട് യുവ വനിത ഡോക്ടര്‍മാര്‍ക്ക് നേരെ ഉണ്ടായ അതിക്രമത്തെ തുടര്‍ന്ന് ബ്ലോക്കിലെ വനിത ഹോസ്റ്റലിന്റെ സുരക്ഷ ഉറപ്പു വരുത്താന്‍ വേണ്ടിയാണ് ലിഫ്റ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്.
രോഗികള്‍ കിടക്കുന്ന വാര്‍ഡുകളിലേക്കുള്ള നിലകൾ കഴിഞ്ഞ് തൊട്ടു മുകളിലേക്കുള്ള ലിഫ്റ്റുകള്‍ ആണ് നിര്‍ത്തിവെച്ചത്. ജൂനിയര്‍ വനിതാ ഡോകടര്‍മാര്‍ക്ക് നേരെ ആക്രമം കാട്ടിയ യുവാവ് ലിഫ്റ്റില്‍ കയറിയാണ് മുകളില്‍ എത്തിയത്. ഏറ്റവും മുകള്‍ നിലയിലേക്കുള്ള ആറു ലിഫ്റ്റുകളില്‍ അഞ്ചെണ്ണം നിര്‍ത്തിവച്ച് ഒരു ലിഫ്റ്റ് മാത്രം ജൂനിയര്‍ ഡോകടര്‍മാര്‍ സുരക്ഷയുടെ ഭാഗമായി ഉപയോഗിച്ചാല്‍ മതിയെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ തിരുമാനിക്കുകയായിരുന്നു.
മൂന്ന് ആഴ്ചകൾക്ക് മുൻപ് തൃശൂര്‍ മെഡിക്കൽ കോളേജിൽ യുവാവിന്‍റെ അതിക്രമമുണ്ടായിരുന്നു. മെഡിക്കൽ കോളേജിലെ കോണ്‍ഫറന്‍സ് ഹാളിലെത്തിയ യുവാവ് സെക്യൂരിറ്റിയെ പൂട്ടിയിട്ടശേഷം എസി കത്തിച്ചു. യുവാവ് ഗ്യാസ് സിലിണ്ടറുമായി സ്ഥലത്തെത്തിയത്. പുലര്‍ച്ചെ അഞ്ചരയ്ക്കാണ് സംഭവമുണ്ടായത്. മെഡിക്കൽ കോളേജ് അലുമിനി ഓഡിറ്റേറിയത്തിലാണ് യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
കയ്യിൽ ചുറ്റികയും ഗ്യാസ് സിലിണ്ടറുമായി എത്തിയ യുവാവാണ് സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടശേഷം ഗ്ലാസ് അടിച്ചുതകർത്തത്. ഇതിനുശേഷം ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് എസി കത്തിച്ചു. സെക്യൂരിറ്റി ജീവനക്കാരൻ അറിയിച്ചതിനെ തുടർന്ന് ഡോക്ടർമാർ എത്തി ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു.


