തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ അവശ്യ വസ്തുക്കൾ സമാഹരിക്കാൻ തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധു അറിയിച്ചു. ഇതിനായി ജില്ലാ പഞ്ചായത്തിൽ കളക്ഷൻ സെന്റർ ആരംഭിച്ചു. ജില്ലയിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും ശേഖരിക്കുന്ന സാധന സാമഗ്രികൾ ജില്ലാ പഞ്ചായത്തിലെത്തിച്ച് സഹായം ആവശ്യമായ ജില്ലകൾക്ക് ബന്ധപ്പെട്ട ജില്ലാ ഭരണകൂടം വഴി ലഭ്യമാക്കും. 

ഇവയുടെ ജില്ലാതല ഏകീകരണത്തിന് തദ്ദേശഭരണ പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിക്ക് രൂപംനൽകി. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവർത്തകരും കളക്ഷൻ സെന്റർ വളണ്ടിയർമാരായി പ്രവർത്തിക്കും. ഇതുമായി ബന്ധപ്പെട്ട ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു. 

സഹായം ലഭ്യമാക്കുന്നതിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് ദേവസ്വം-സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധു എന്നിവർ യോഗത്തിൽ അഭ്യർത്ഥിച്ചു. ആസൂത്രണ സമിതി അംഗം കെഎൻ ഹരിലാൽ, പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.