കൊട്ടിയൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് തരപ്പെടുത്താനായി പതിനെട്ട് അടവും പയറ്റുന്ന നേതാക്കളെ നമ്മൾ കാണാറുണ്ട്. എന്നാൽ മത്സരിപ്പിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് കണ്ണൂർ കൊട്ടിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ ജയ്മോൻ കല്ലുപുരയ്ക്കകം. ശബ്ദസന്ദേശം വൈറലായതോടെ ജയ്മോനെ സസ്പെന്റ് ചെയ്തത് കോൺഗ്രസ് തടിയൂരി.

25 കൊല്ലമായി പാർട്ടിക്കായി കൊടിപിടിച്ച തന്നെ തഴഞ്ഞതിലുള്ള അമർഷമാണ് ജയ്മോനെ ഇങ്ങനെയൊരു സാഹസത്തിന് പ്രേരിപ്പിച്ചത്. എംഎൽഎയുടെ തെരഞ്ഞുടുപ്പിൽ ഓടി നടന്ന ആളായ തന്റെ ഫോൺ കോൾ എടുക്കാൻ ഇപ്പോൾ സമയമില്ലല്ലോ. ഇനി വീട്ടിലെത്തി തന്റെ ദേഹത്ത് റീത്തുവയ്ക്കാനും പള്ളിയിലുള്ള ചടങ്ങുകളിലും എംഎൽഎ വന്നാൽ മതി.

ജയ്മോൻ സണ്ണി ജോസഫിന് വാട്സാപ്പിൽ അയച്ച ഈ ശബ്ദ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പാർട്ടി ആപ്പിലായി. കൊട്ടിയൂർ പഞ്ചായത്തിലെ 9ആം വാർഡിൽ കൈപ്പത്തി ചിഹ്നത്തിൽ തന്നെ ജയിപ്പിക്കണം എന്ന ബോർഡുകൾ ജയ്മോൻ സ്ഥാപിച്ചു. ഗത്യന്തരമില്ലാതെ നേതാക്കൾ അടിയന്തര യോഗം ചേർന്ന് ജയ്മോനെതിരെ അച്ചടക്ക നടപടിയെടുത്ത് തലയൂരി. 

എന്നാൽ അതുകൊണ്ടും ജയ്മോൻ നിർത്തിയിട്ടില്ല. കോൺഗ്രസിനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് നേതാവിന്റെ ഇപ്പോഴത്തെ നിലപാട്. നേരിയ ഭൂരിപക്ഷത്തിൽ ജയിച്ച കൊട്ടിയൂർ പഞ്ചായത്ത് ജയ്മോന്റെ പിണക്കത്തിലൂടെ നഷടപ്പെടുമോ എന്ന ആശങ്കയിലാണ് നാട്ടിലെ കോൺഗ്രസുകാർ.