കല്‍പ്പറ്റ: മഴയ്ക്കും വെള്ളക്കെട്ടിനും ശമനമായെങ്കിലും കുറുവാദ്വീപിനോട് ചേര്‍ന്ന വനഗ്രാമമായ വെളുകൊല്ലി ഇപ്പോഴും ഒറ്റപ്പെട്ട് തന്നെ. പുറംലോകത്തെത്താന്‍ ആകെയുണ്ടായിരുന്ന മണ്‍പാത വെള്ളമൊഴുകി തകര്‍ന്നുപോയതോടെ ഇവിടേക്ക് സഹായമെത്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. സന്നദ്ധസംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും ദുരിതത്തിലായവര്‍ക്ക് സഹായങ്ങള്‍ എത്തിക്കുമ്പോഴും ഇവര്‍ക്ക് ഒരു വിധത്തിലുള്ള ആശ്വാസവും ലഭിച്ചിട്ടില്ല. കഴിഞ്ഞ പ്രളയത്തിലും സമാന സ്ഥിതിയായിരുന്നു ഇവിടെ. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയാത്തതിനാല്‍ ഇവിടെയുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ അടിയന്തിര സഹായധനം പോലും ലഭിക്കില്ല. 

കഴിഞ്ഞ പ്രളയകാലത്ത് വെളുകൊല്ലി ഒറ്റപ്പെട്ടിരുന്നെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ സന്നദ്ധ സംഘടനകള്‍ ഇങ്ങോട്ട് സഹായമെത്തിച്ചിരുന്നു. മിക്ക വീടുകളും ഇവിടെ പട്ടിണിയുടെ വക്കിലാണ്. കൃഷിയെല്ലാം വെള്ളംകയറി നശിച്ചു. കുറുവാ റോഡില്‍നിന്ന് മൂന്നുകിലോമീറ്ററോളം മണ്‍പാതയിലൂടെ സഞ്ചരിച്ച് വേണം ഗ്രാമത്തിലെത്താന്‍. ചെട്ടി, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പ്പെട്ട 55 കുടുംബങ്ങളുണ്ട് വെളുകൊല്ലിയില്‍.

മണ്‍പാത തകര്‍ന്നതോടെ ഇതുവഴി വാഹനങ്ങള്‍ ഓട്ടം വിളിച്ചാല്‍ വരില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു. എപ്പോഴും ആനശല്യമുള്ള വഴിയിലൂടെ നടന്നുവേണം പണിക്ക് പോകാന്‍. എന്നാല്‍ ജോലി സ്ഥലത്ത് ഏതെങ്കിലും തരത്തില്‍ എത്തിപ്പെട്ടാലും തിരികെ വീട്ടിലെത്തുമെന്ന് ഇവിടുത്തുകാര്‍ക്ക് യാതൊരുറപ്പുമില്ല. ആനയുടെയും കടുവയുടെയും ആക്രമണം ഏത് സമയത്തും പ്രതീക്ഷിക്കാം. ഗ്രാമത്തിലേക്ക് ഉറപ്പുള്ള റോഡ് വേണമെന്ന കാലങ്ങളായുള്ള ആവശ്യമാണെങ്കിലും ഓരോ മഴക്കാലത്തും ഗ്രാമവാസികള്‍ തന്നെ വഴിയുണ്ടാക്കേണ്ട ഗതികേടിലാണ്.