താമരശ്ശേരിയിൽ 25 തേങ്ങ മോഷ്ടിക്കാൻ ശ്രമിച്ച യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ തേങ്ങ മോഷ്ടിക്കാന്‍ ശ്രമിച്ച യുവാക്കളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കോരങ്ങാട് തെങ്ങിന്‍ തോപ്പില്‍ കൂട്ടിയിട്ട 25 ഓളം തേങ്ങകള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച ചുങ്കം അമ്പായത്തോട് സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. മോഷണം പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ തകരാറിലാവുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ വിവരമറിയിച്ചു. രേഖാമൂലം പരാതി ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് ഇവര്‍ക്ക് താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.

കോരങ്ങാട് സ്വദേശി കൊടോളി സലാമിന്റെ തെങ്ങിന്‍ തോപ്പിലായിരുന്നു രാവിലെ 7.30 ഓടെ മോഷണ ശ്രമം. തെങ്ങില്‍ കയറാനായി ഉപയോഗിക്കുന്ന തളപ്പ്, കൊടുവാള്‍ എന്നിവ സഹിതമാണ് ഇവര്‍ എത്തിയിരുന്നത്. എന്നാല്‍ കൂട്ടിയിട്ട തേങ്ങ കണ്ടതോടെ ഇവിടെയുണ്ടായിരുന്ന രണ്ട് ചാക്കുകളിലായി അവ നിറയ്ക്കുകയായിരുന്നു. ഈ സമയം അവിടെയെത്തിയ സലാം മോഷണ ശ്രമം കാണുകയും ബഹളം വെച്ച് ആളെ കൂട്ടുകയും ചെയ്തു. സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാക്കളെ സലാമും നാട്ടുകാരും ചേര്‍ന്ന് പിന്തുടരുന്നതിനിടെ ഇവരുടെ വാഹനം തകരാറിലായി. ഇതോടെ നാട്ടുകാർ തേങ്ങ മോഷ്ടിക്കാൻ ശ്രമിച്ച യുവാക്കളെ പിടികൂടുകയായിരുന്നു.

അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ടെക്സ്റ്റൈൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതികളെ ചോദ്യം ചെയ്തപ്പോൾ 14 കേസുകൾ തെളിഞ്ഞു എന്നാണ്. ബീമാപള്ളി സ്വദേശി ജാഹീർ (20), ബീമാപള്ളി സ്വദേശി മുഹമ്മദ് സെയ്ദ് (20), ബാലരാമപുരം സ്വദേശി മുഹമ്മദ് അമീൻ (18) എന്നിവരെ പിടികൂടിയ വിഴിഞ്ഞം പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് 14 കേസുകൾ കൂടി തെളിഞ്ഞത്. കഴിഞ്ഞ മാസം 26 ന് പുലർച്ചെ മുക്കോല - ഉച്ചക്കട റോഡിൽ പെട്രോൾ പമ്പിന് സമീപം റോയൽ മെൻസ് വെയർ റെഡിമെയ്ഡ് കടയുടെ പൂട്ടുകൾ തകർത്ത് മോഷണം നടത്തിയ കേസിലാണ് പ്രതികൾ പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് 14 ഓളം മോഷണക്കേസുകൾക്ക് തുമ്പായത്. മുക്കോലയിൽ നിന്ന് വസ്ത്രശേഖരം, വിവിധതരം വാച്ചുകൾ, പെർഫ്യൂമുകൾ, നാലായിരത്തിലധികം രൂപ എന്നിവയാണ് മോഷ്ടിച്ചത്. കഴിഞ്ഞ മാസം നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരു ഓട്ടോറിക്ഷ മോഷണം, വിഴിഞ്ഞം പരിധിയിൽ നിന്നും മൂന്ന് വാഹനങ്ങൾ മോഷ്ടിക്കുകയും ചെയ്തതായി പ്രതികൾ വെളിപ്പെടുത്തി. ജാഹീറിന് പാറശാല പൂന്തുറ ബാലരാമപുരം സ്റ്റേഷനുകളിലും കേസുകൾ ഉണ്ട്. വവ്വാമൂല സ്വദേശി കിരണിന്‍റെ സ്കൂട്ടർ, മുള്ളുമുക്ക് സ്വദേശി ശ്രീകേഷിന്‍റെ ബൈക്ക് എന്നിവ മോഷ്ടിച്ചതും ഇയാളാണെന്ന് പൊലീസ് പറയുന്നു. വിവിധ കേസുകളിൽ പ്രതികളായതിനാൽ റിമാൻഡിലായ മൂന്ന് പേരെയും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങുകയാണ് പൊലീസ്.