വിവിധ ആവശ്യങ്ങള്‍ക്കായി പോസ്റ്റ് ഓഫീസില്‍ എത്തുന്നവരും വെള്ളക്കെട്ട് മൂലം വലയുകയാണ്. 

മാന്നാര്‍: മാന്നാര്‍ പോസ്റ്റ് ഓഫീസിന് സമീപത്തെ റോഡിലെ വെള്ളക്കെട്ടില്‍ വലഞ്ഞ് കാല്‍നടയാത്രകാരും ഇരുചക്രവാഹനയാത്രക്കാരും. തിരുവല്ല കായംകുളം സംസ്ഥാന പാതയ്ക്കരികില്‍ തൃക്കുരട്ടി മഹാദേവര്‍ ക്ഷേത്രത്തിന് അടുത്തുള്ള മാന്നാര്‍ പോസ്റ്റാഫീസിന് സമീപത്തെ റോഡില്‍ മഴയക്ക് പിന്നാലെ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്.

ശക്തമായ മഴയില്‍ വെള്ളം നിറഞ്ഞ് റോഡ് പുഴയായി മാറി. ഇതുവഴി വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡില്‍ കെട്ടി കിടക്കുന്ന മലിനജലം ദേഹത്തേക്ക് തെറിച്ച് വീഴും.വിവിധ ആവശ്യങ്ങള്‍ക്കായി പോസ്റ്റ് ഓഫീസില്‍ എത്തുന്നവരും വെള്ളക്കെട്ട് മൂലം വലയുകയാണ്. സമീപത്തെ ഓടയില്‍ ചപ്പുചവറുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്.