Asianet News MalayalamAsianet News Malayalam

അധികൃതർ കയ്യൊഴിഞ്ഞു; യാത്രാ സൗകര്യമില്ലാത്ത കുടുംബങ്ങൾക്കായി തോടിനുകുറുകെ നടപ്പാലം പണിത് നാട്ടുകാർ

യാത്രാ സൗകര്യമില്ലാത്തത് രോഗികളെയും സ്കൂളിൽ പോകുന്ന വിദ്യാർഥികളെയും വലയ്ക്കുന്ന നിലയിലായിരുന്നു. മഴക്കാലത്ത് തോട് കരകവിഞ്ഞ് ഒഴുകുമ്പോൾ ചെപ്പള്ളിൽ തെക്കുഭാഗത്ത് താമസിക്കുന്നവർ പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെടുന്ന അവസ്ഥയിലാവും. 

Locals have built a bridge across the river for families
Author
Alappuzha, First Published Jul 6, 2020, 11:01 PM IST

വള്ളികുന്നം: അധികൃതർ കയ്യൊഴിഞ്ഞതോടെ യാത്രാ സൗകര്യമില്ലാത്ത കുടുംബങ്ങൾക്കായി തോടിനുകുറുകെ നടപ്പാലം പണിതുനൽകി നാട്ടുകാർ. വാളാച്ചാൽ ചെപ്പള്ളിൽ തെക്കുഭാഗത്ത് താമസിക്കുന്ന എട്ട് കുടുംബങ്ങൾക്കാണ് ജനപ്രതിനിധികൾ, നാട്ടുകാർ, യൂത്ത്കോൺഗ്രസിന്റെ ഊട്ടുപുര സംഘാടകസമിതി, ചെപ്പള്ളിൽ യുവജനസമിതി എന്നിവർചേർന്ന് താത്കാലിക നടപ്പാലം പണിത് നൽകിയത്. 

കൊല്ലം, ആലപ്പുഴ ജില്ലകളും ഓച്ചിറ, വള്ളികുന്നം ഗ്രാമപ്പഞ്ചായത്തുകളും അതിർത്തിപങ്കിടുന്ന തഴവയിൽ വഞ്ചിത്തോടിന് കുറുകെയാണ് പാലം പണിതത്. കൂടാതെ തോടിന്റെ വശത്തുകൂടി നടപ്പാതയും നിർമിച്ചു നൽകി. സന്നദ്ധപ്രവർത്തകരുടെ രണ്ടുദിവസത്തെ കൂട്ടായ പരിശ്രമത്തിലാണ് പാലവും റോഡും യാഥാർഥ്യമായത്. 

ചെപ്പള്ളിൽ തെക്ക് ഭാഗത്തുള്ളവർക്ക് മഴക്കാലത്ത് തോട്ടിലൂടെയുള്ള യാത്ര വർഷങ്ങളായി ബുദ്ധിമുട്ടിലായിരുന്നു. വെള്ളത്തിലൂടെ കാൽനടയായി തോട് മുറിച്ചുകടന്നുവേണം ഇക്കരെയെത്താൻ. യാത്രാ സൗകര്യമില്ലാത്തത് രോഗികളെയും സ്കൂളിൽ പോകുന്ന വിദ്യാർഥികളെയും വലയ്ക്കുന്ന നിലയിലായിരുന്നു. മഴക്കാലത്ത് തോട് കരകവിഞ്ഞ് ഒഴുകുമ്പോൾ ചെപ്പള്ളിൽ തെക്കുഭാഗത്ത് താമസിക്കുന്നവർ പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെടുന്ന അവസ്ഥയിലാവും. തോടിന്റെ ആഴം കൂട്ടിയതോടെ യാത്രക്കാർ അപകടത്തിൽപ്പെടുന്നതും ഇവിടെ നിത്യസംഭവമായിരുന്നു. 

തോടിനുകുറുകെ പാലം വേണമെന്നുള്ളത് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. ഇതിനായി തയ്യാറാക്കിയ പദ്ധതികളൊന്നും ഫലം കണ്ടില്ല. ഇതേത്തുടർന്നാണ് മഴക്കാലത്തിനുമുമ്പ് നാട്ടുകാർ താത്കാലികമായി തടികൊണ്ടുള്ള പാലം നിർമിച്ച് യാത്രാസൗകര്യമൊരുക്കിയത്. കോൺക്രീറ്റ് നടപ്പാലം നിർമിക്കാൻ പദ്ധതിയായി കോൺക്രീറ്റ് നടപ്പാലം നിർമിക്കാൻ ജില്ലാ പഞ്ചായത്തിന്റെ 2020-‘21 വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തിയതായി ജില്ലാ പഞ്ചായത്തംഗം അരിതാബാബു പറഞ്ഞു. 

Follow Us:
Download App:
  • android
  • ios