Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ ലംഘിച്ച് കറക്കം, പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു; യുവാക്കളുടെ 18 ബൈക്കുകൾ കസ്റ്റഡിയില്‍

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച്  വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കള്‍ക്കെതിരെ നടപടിയുമായി പൊലീസ്. 

lockdown violation police seized 18 bikes in kozhikode
Author
Kozhikode, First Published Jun 21, 2021, 1:19 AM IST

കോഴിക്കോട്: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കട്ടിപ്പാറ അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കള്‍ക്കെതിരെ നടപടിയുമായി പൊലീസ്. യുവാക്കളെത്തിയ 18 ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരി പൊലീസ് ആണ് ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ചുറ്റിക്കറങ്ങാനെത്തിയ യുവാക്കളെ പിടികൂടിയത്.

പിടികൂടിയ  കുറച്ച് ബൈക്കുകൾ പൊലീസുകാർ ഓടിച്ചും, മറ്റുള്ളവ ലോറിയിൽ കയറ്റിയുമാണ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പൊലിസ് എത്തിയതറിഞ്ഞ് സ്ഥലം വിട്ടവരുടെ വാഹനങ്ങളാണ്  സ്റ്റേഷനിൽ എത്തിച്ചത്. ഉടമകൾക്കെതിരെ ലോക്ക്ഡൗൺ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കൽ, മാസ്ക്  ധരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി,  വാഹനത്തിന്‍റെ രേഖകൾ പരിശോധിച്ച് മറ്റു വകുപ്പുകളും ചേർത്ത് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

lockdown violation police seized 18 bikes in kozhikode

പ്രദേശത്ത് പതിവായി കൂട്ടം കൂടി യുവാക്കൾ എത്തിച്ചേരാറുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ്  പൊലീസ് പരിശോധന നടത്തിയത്. കൊയിലാണ്ടി, കൊടുവള്ളി, പന്നൂർ, കട്ടിപ്പാറ, ഇയ്യാട്, അമ്പായത്തോട് തുടങ്ങിയ  ഭാഗങ്ങളിൽ നിന്നുമെത്തിയവരാണ് കൂടുതലും. താമരശ്ശേരി എസ് ഐമാരായ ശ്രീജേഷ്, വി.കെ. സുരേഷ്, അജിത്, സി.പി.ഒ മാരായ രതീഷ്, പ്രസാദ്, ഷൈജൽ, എം.എസ്.പി യിലെ അതുൽ സി.കെ, അജ്മൽ എന്നിവർ ചേർന്നാണ് ബൈക്കുകള്‍ പിടികൂടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios