Asianet News MalayalamAsianet News Malayalam

ഹോണ്‍ മുഴക്കിയിട്ടും ട്രാക്കില്‍ നിന്ന് മാറിയില്ല; സാഹസിക സെല്‍ഫിക്കാരെ ട്രെയിന്‍ നിര്‍ത്തി ലോക്കോപൈലറ്റ് പിടികൂടി

ലോക്കോ പൈലറ്റ് ഹോൺ തുടർച്ചയായി മുഴക്കിയിട്ടും കുട്ടികൾ പാളത്തിൽതന്നെ നിന്ന് സെൽഫിയെടുക്കൽ തുടരുകയായിരുന്നു. തിരുവല്ല സ്റ്റേഷന് എത്തുന്നതിന് മുന്‍പായുള്ള കുറ്റൂര്‍ പാലത്തില്‍ സാധാരണ തീവണ്ടിക്ക് വേഗം കുറവായതിനാല്‍ ഇവിടം സാഹസിക സെല്‍ഫിക്കാരുടെ പ്രിയ ഇടമാണെന്ന് പ്രദേശവാസികള്‍

loco pilot catch adventure Selfie youngsters from track in thiruvalla
Author
Thiruvalla, First Published Aug 17, 2019, 9:30 AM IST

തിരുവല്ല: തിരുവല്ലയില്‍ ഓടുന്ന തീവണ്ടിക്ക് മുന്നില്‍ സെല്‍ഫിയെടുത്ത സ്കൂള്‍കുട്ടികളെ ട്രെയിന്‍ നിര്‍ത്തി പിടികൂടി ലോക്കോപൈലറ്റ്. ഓഗസ്റ്റ് പതിനഞ്ചിനാണ് സംഭവം. കുറ്റൂര്‍ മണിമല പാലത്തില്‍ ബെംഗളൂരുവില്‍ നിന്നുള്ള ഐലന്‍‍ഡ് എക്സ്പ്രസിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാനാണ് സ്കൂള്‍ കുട്ടികള്‍ ശ്രമിച്ചത്. പ്ലസ് വണ്‍, പത്താക്ലാസ് വിദ്യാര്‍ത്ഥികളാണ് സാഹസിക സെല്‍ഫിക്ക് ശ്രമിച്ച് പിടിയിലായത്.

തിരുവല്ല സ്റ്റേഷന് എത്തും മുന്‍പുള്ള കുറ്റൂര്‍ പാലത്തില്‍ സാധാരണ തീവണ്ടിക്ക് വേഗം കുറവായതിനാല്‍ ഇവിടം സാഹസിക സെല്‍ഫിക്കാരുടെ പ്രിയ ഇടമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ലോക്കോ പൈലറ്റ് ഹോൺ തുടർച്ചയായി മുഴക്കിയിട്ടും കുട്ടികൾ പാളത്തിൽതന്നെ നിന്ന് സെൽഫിയെടുക്കൽ തുടരുകയായിരുന്നു. വേഗം കുറച്ചെത്തിയ ട്രെയിന്‍ കുട്ടികളുടെ വളരെ അടുത്തെത്തിയാണ് നിന്നത്. എന്നിട്ടും കുട്ടികള്‍ പാലത്തില്‍ നിന്ന് മാറാതെ വന്നതോടെ കുട്ടികളെ തടഞ്ഞുവക്കാന്‍ ലോക്കോപൈലറ്റ് ട്രാക്കില്‍ ജോലി ചെയ്യുന്നവരോട് ആവശ്യപ്പെടുകയായിരുന്നു.

ഇതിനിടെ സംഘത്തിലെ ഒരാൾ ഓടിരക്ഷപ്പെട്ടു. ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിന്നെത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കുട്ടികളെ സ്റ്റേഷനിലേക്ക് കൊണ്ട്  പോയതോടെയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. കുട്ടികളുടെ രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി ചെയ്ത തെറ്റിന്‍റെ ഗൗരവം ബോധ്യപ്പെടുത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ മേലില്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് വാങ്ങി കുട്ടികളെ വിട്ടയക്കുകയായിരുന്നു. 

തിരുവല്ലയില്‍ സ്റ്റോപ്പുള്ളതിനാല്‍ മിക്ക ട്രെയിനുകള്‍ക്കും കുറ്റൂര്‍ പാലത്തില്‍ വേഗം കുറവായിരിക്കും ഇത് മുതലെടുത്ത് സെല്‍ഫിയെടുക്കാന്‍ യുവാക്കള്‍ ഇവിടെയെത്തുന്നത് ഇതിന് മുന്‍പും ശ്രദ്ധയില്‍പ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. ആർപിഎഫ് ഉദ്യോഗസ്ഥര്‍ പ്രദേശവാസികളെ വിളിച്ചുചേർത്ത് സംഭവത്തെക്കുറിച്ച് ബോധവത്കരണം നടത്തി. ഇത്തരം സംഭവം ആവർത്തിച്ചാൽ അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സമീപത്തെ സ്കൂളുകളിലും ബോധവത്കരണം നടത്തുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios