ബെംഗളുരു ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സിലെ യാത്രക്കാരനായ ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് 31.191 ഗ്രാം എം ഡി എം എ പിടിച്ചെടുത്തത്

മാനന്തവാടി: തിരുനെല്ലി കാട്ടിക്കുളത്ത് വന്‍ എം ഡി എം എ വേട്ട. സ്വകാര്യ ബസിലെ യാത്രക്കാരനില്‍ നിന്ന് മാരക മയക്കുമരുന്നായ എം ഡി എം എ പിടിച്ചെടുത്തു. മലപ്പുറം വേങ്ങര കണ്ണമംഗലം പള്ളിയാല്‍ വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (31) വില്‍പ്പനക്കായി കൊമേഴ്ഷ്യല്‍ അളവില്‍ ബസില്‍ കടത്താന്‍ ശ്രമിച്ച ലഹരിയാണ് തിരുനെല്ലി പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടിച്ചെടുത്തത്. ശനിയാഴ്ച തിയ്യതി പുലര്‍ച്ചെ കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലാകുന്നത്. ബെംഗളുരു ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സിലെ യാത്രക്കാരനായ ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് 31.191 ഗ്രാം എം ഡി എം എ പിടിച്ചെടുത്തത്.

ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശം

എസ് ഐ എം എ സനില്‍, എ എസ് ഐ മനീഷ്, എസ് സി പി ഒ രമേശ്, സി പി ഒമാരായ മുരളീകൃഷ്ണന്‍ സ് രഞ്ജിത്ത്, സുധീഷ്, നിഷാബ്ബ്, പ്രവീണ്‍, രതീഷ്, സജു എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. പുതുവത്സരത്തോടനുബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും ലഹരിക്കടത്തും വില്‍പ്പനയും ഉപയോഗവും തടയുന്നതിനായി പ്രത്യേക പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.