താമരശ്ശേരി ചുരത്തില്‍ തുടര്‍ച്ചയായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം. വിനോദ സഞ്ചാരികള്‍ക്ക് ചുരം വ്യൂപോയിന്റില്‍ ഇറങ്ങി നില്‍ക്കാനാകില്ലെന്ന് പുതിയ തീരുമാനം. 

കല്‍പ്പറ്റ: തുടര്‍ച്ചയായി മണ്ണിടിച്ചില്‍ ഉണ്ടായ താമരശ്ശേരി ചുരത്തിലെ സുരക്ഷയുടെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കോഴിക്കോട് ജില്ലാ ഭരണകൂടം. നിലവില്‍ വാഹനങ്ങള്‍ നിയന്ത്രിച്ച് കടത്തി വിടുന്നുണ്ടെങ്കിലും വിനോദ സഞ്ചാരികള്‍ക്ക് ചുരം വ്യൂപോയിന്റില്‍ ഇനിമുതല്‍ ഇറങ്ങി നില്‍ക്കാനാകില്ല. ഈ ഭാഗത്ത് പാര്‍ക്കിങ് അടക്കം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. വ്യൂപോയിന്റിന് സമീപത്താണ് കഴിഞ്ഞ ദിവസങ്ങളില്‍ പാറക്കല്ലുകളും മണ്ണും റോഡിലേക്ക് ഇടിഞ്ഞുവീണത്. മുമ്പും ഇതേ ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് പുതിയ തീരുമാനങ്ങള്‍. ചുരം റോഡ് വഴി മള്‍ട്ടിആക്സില്‍ വാഹനങ്ങള്‍ക്ക് പോകാനാകില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട നടപടി. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള മറ്റു വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി മാത്രം കടത്തിവിടും.

പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാകും കടത്തിവിടുക. ചുരത്തിന്റെ ബലക്ഷയം കണക്കിലെടുത്ത് മള്‍ട്ടിആക്സില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം മുമ്പ് തന്നെ ഉണ്ടായിരുന്നെങ്കിലും കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ അപകടത്തോടെ നിരോധനം കൃത്യമായി പാലിക്കാനാണ് അധികാരികള്‍ തീരുമാനിച്ചിരിക്കുന്നത്. ചുരത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം കോഴിക്കോട്, വയനാട് ജില്ല കലക്ടര്‍മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും മറ്റും ഓണ്‍ലൈനായി യോഗം ചേര്‍ന്നിരുന്നു. മഴയുടെ ശക്തിയനുസരിച്ചാകും നിലവിലെ ഇളവുകളില്‍ മാറ്റം വരുത്തുക. ചുരം റോഡിന് മുകളിലായി പാറയുടെ സ്ഥിതി പരിശോധിക്കുന്നുണ്ട്. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സിവില്‍ എഞ്ചിനിയറിംഗ് വിഭാഗം എത്തി ജിപിആര്‍ സംവിധാനം ഉപയോഗിച്ച് നിരീക്ഷിക്കും. ഡോണുകള്‍ മുകളിലേക്ക് അയച്ച് വീഡിയോകളും ഫോട്ടോകളും എടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്താനും തീരുമാനിച്ചിട്ടുണ്ട്. അപകടഭീഷണി ഒഴിയുന്നത് വരെ അഗ്‌നിരക്ഷാസേനയുടെ ഒരു യൂണിറ്റ് ചുരത്തിലുണ്ടാകും. മണ്ണിടിഞ്ഞ സ്ഥലത്ത് പ്രകാശത്തിനുള്ള ക്രമീകരണങ്ങള്‍ തുടരും.