മങ്കട ചേരിയം ആലങ്ങാടന്‍ ഹുസൈന്‍ അലി എന്ന കുഞ്ഞിപ്പുവിന് ഡയറി എഴുത്ത് ശീലം തൂടങ്ങിയിട്ട് 25 വര്‍ഷമായി. ഡയറി എഴുത്തുകള്‍ അന്യമായി കൊണ്ടിരിക്കുന്ന ഈ ഡിജിറ്റല്‍ യുഗത്തിലും മുടങ്ങാതെ ഡയറിക്കറിപ്പുകള്‍ എഴുതിക്കൊണ്ടിരിക്കുകയാണ് ഹുസൈന്‍ അലി.
മലപ്പുറം: (Malappuram) മങ്കട ചേരിയം ആലങ്ങാടന്‍ ഹുസൈന്‍ അലി എന്ന കുഞ്ഞിപ്പുവിന് ഡയറി എഴുത്ത് (Diary note ) ശീലം തൂടങ്ങിയിട്ട് 25 വര്‍ഷമായി. ഡയറി എഴുത്തുകള്‍ അന്യമായി കൊണ്ടിരിക്കുന്ന ഈ ഡിജിറ്റല്‍ യുഗത്തിലും മുടങ്ങാതെ ഡയറിക്കറിപ്പുകള്‍ എഴുതിക്കൊണ്ടിരിക്കുകയാണ് ഹുസൈന്‍ അലി.
1995 മുതല്‍ ഡയറികള്‍ എഴുത്ത് ശീലമാക്കിയെങ്കിലും ഇടക്കൊക്കെ മുടങ്ങി. 2000 മുതല്‍ വീണ്ടും കൃത്യമായ രീതിയില്‍ ഡയറികള്‍ എഴുതിക്കൊണ്ടിരിക്കുന്നു. കര്‍ഷകനായ ഹുസൈന്‍ അലിക്ക് ഡയറി എഴുത്തില്‍ രണ്ടുണ്ട് ഗുണം. ഒന്ന്, കൃഷിയിറക്കുന്നതും വിളവെടുക്കുന്നതുമായ സമയങ്ങള്‍ കൃത്യമായി അറിയാം. മറ്റൊന്ന് നിത്യ ജീവിതത്തിലെ അനുഭവങ്ങളും സംഭവങ്ങളും ഓര്‍ത്തെടുക്കാം.
കടുത്ത ഫുട്ബാള്‍ പ്രേമിയും ബ്രസീല്‍ ആരാധകനുമായ ഹുസൈന്‍ അലിയുടെ ഡയറികളില്‍ ഫുട്ബാള്‍ കളികളുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്. യാത്രകള്‍ പോകുമ്പോള്‍ കൈയില്‍ കരുതുന്ന നോട്ട് പാഡില്‍ വിവരങ്ങള്‍ കുറിച്ചുവെക്കും. പോയതും കണ്ടതുമായ സ്ഥലങ്ങളും അവയുമായി ബന്ധപെട്ട വിവരങ്ങളും ചോദിച്ചറിഞ്ഞ് എഴുതി വെക്കും.
പിന്നീട് വീട്ടില്‍ വന്ന് ഇവ യാത്രാകുറിപ്പായി ഡയറിയില്‍ എഴുതും. പത്തു വര്‍ഷം കര്‍ണ്ണാടക, മഹാരാഷ്ട്ര , ഗോവ എന്നിവിടങ്ങളിലായി ജോലി ചെയ്ത ഹുസൈന്‍ അലിക്ക് ഹിന്ദി കന്നട, ഉറുദു ഭാഷകള്‍ അറിയാം. മങ്കടയിലെ പൗരപ്രമുഖനായിരുന്ന പരേതനായ ആലങ്ങാടന്‍ സൈതാലി ഹാജിയുടെ മകനാണ്. ഭാര്യ: സുബൈദ. മക്കള്‍: മുഹമ്മദ് ഷഹീദ് , അംന.
