1971 ഡിസംബര്‍ മൂന്നിന് ഇന്ത്യയുടെ പതിനൊന്ന് എയര്‍ബേസുകളെ ആക്രമിച്ചതോടെ തുടങ്ങിയ യുദ്ധം. 13 ദിവസം നീണ്ടു നിന്ന യുദ്ധത്തിന്‍റെ നാലാം ദിനമാണ് പെഷവാറില്‍ വ്യോമാക്രമണം നടത്താന്‍ കെ പി മുരളീധരനേയും, സ്ക്വാഡ്രന്‍ ലീഡര്‍ കെ എന്‍ ബാജ്പേയേയും ചുമതലപ്പെടുത്തുന്നത്

മലപ്പുറം: നാല് വ്യാഴവട്ടക്കാലം മുന്‍പ് നടന്ന ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്ത മലയാളി ഫ്ലയിംഗ് ഓഫീസര്‍ കെ പി മുരളീധരന്‍ എവിടെയാണെന്നറിയാതെ ബന്ധുക്കള്‍. നിലമ്പൂര്‍ സ്വദേശി മുരളീധരനെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ആരും മറുപടി നല്‍കുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ പാക് സംഘര്‍ഷം നിലനില്‍ക്കുമ്പോളാണ് ബന്ധുക്കള്‍ പരാതിയുമായി വീണ്ടും രംഗത്തെത്തിയത്.

1971 ഡിസംബര്‍ മൂന്നിന് ഇന്ത്യയുടെ പതിനൊന്ന് എയര്‍ബേസുകളെ ആക്രമിച്ചതോടെ തുടങ്ങിയ യുദ്ധം. 13 ദിവസം നീണ്ടു നിന്ന യുദ്ധത്തിന്‍റെ നാലാം ദിനമാണ് പെഷവാറില്‍ വ്യോമാക്രമണം നടത്താന്‍ കെ പി മുരളീധരനേയും, സ്ക്വാഡ്രന്‍ ലീഡര്‍ കെ എന്‍ ബാജ്പേയേയും ചുമതലപ്പെടുത്തുന്നത്. പെഷവാര്‍ വിമാനത്താവളം ആക്രമിച്ച് മടങ്ങുന്നതിനിടെ ബാജ്പേയുടെ വിമാനം ശ്ത്രുക്കള്‍ വളഞ്ഞു. സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശത്രുസൈന്യം മുരളീധരന്‍റെ വിമാനം തകര്‍ത്തു. പിന്നീട് അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

 കെ പി മുരളീധരന്‍ പാകിസ്ഥാന്‍ ജയിലുലുണ്ടെന്ന പ്രചരണമുണ്ടായി. പക്ഷേ സ്ഥിരീകരണമില്ല. മാറിമാറി വന്ന സര്‍ക്കാരുകളെ കുടുംബം സമീപിച്ചെങ്കിലും ഇവരുടെ ചോദ്യങ്ങള്‍ക്ക് ആരും മറുപടി നല്‍കിയിട്ടില്ല.ഏറ്റവുമൊടുവിലായി പ്രധാനമന്ത്രി നരേന്ദ്രനമോദിക്കും നിവേദനം നല്‍കിയിട്ടുണ്ട്. ഏഴ് വര്‍ഷം കഴിഞ്ഞിട്ടും ആളെ കുറിച്ച് വിവരമില്ലെങ്കില്‍ മരിച്ചുവെന്ന് കണക്കാക്കി മരണാനന്തരബഹുമതിയായി മഹാവീര്‍ചക്ര നല്‍കണമെന്ന് വ്യോമസേന 2009 ല്‍ ശുപാര്‍ശ നല്‍കിയെങ്കിലും നടപടികളില്ല.നിലമ്പൂര്‍ കോവിലകത്തെ അംഗമായ കെ പി മുരളീധരന്‍ 24ാമത്തെ വയസിലാണ് രാജ്യത്തിന് വേണ്ടി പോരാടി മറഞ്ഞത്.