വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കാസർകോട് സ്വദേശി സന്തോഷ് ജോസിനെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മാട്രിമോണി വഴി പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയെ എറണാകുളത്തെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇയാൾക്കെതിരെ സമാനമായ മറ്റ് വഞ്ചന കേസുകളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതി അറസ്റ്റിൽ. കാസർകോട് ജില്ലയിലെ പാലാവയൽ സ്വദേശി മലങ്കടവ് നെടുങ്ങനാൽ സന്തോഷ് ജോസ് (58) പിടിയിലായത്. എറണാകുളം നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാട്രിമോണി വഴി വിവാഹം ആലോചന ക്ഷണിച്ച് സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതി. ആലപ്പുഴ സ്വദേശിനിയായ 59 വയസ്സുകാരിയാണ് പരാതിക്കാരി. ഇവരെ പ്രതി മാട്രിമോണി വഴി പരിചയപ്പെട്ടതാണ്.
പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം എറണാകുളത്തേക്ക് വിളിച്ചുവരുത്തി. ലിസി ആശുപത്രിക്ക് സമീപത്തെ ലോഡ്‌ജിൽ വെച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. എറണാകുളം നോർത്ത് ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ പ്രമോദ്, സന്തോഷ് ജോർജ്, എ.എസ്.ഐ മാരായ ജയ, സജിത, സിപിഒമാരായ റിനു, അജിലേഷ്. പ്രദീപ്, എന്നിവരങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ ഇത്തരത്തിലുള്ള സമാന പരാതികൾ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. വഞ്ചന കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.


