ഇടുക്കി: മോഷ്ടിച്ച ബൈക്കുമായി തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയില്‍. നെടുങ്കണ്ടത്ത് നിന്ന് മോഷ്ടിച്ച ബൈക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് തമിഴ്‌നാട് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ ഊരാണികുളം സ്വദേശിയായ ഗൗതം (19) ആണ് പിടിയിലായത്.

കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത് എത്തിയ ഗൗതം ടൗണില്‍ കറങ്ങി നടന്ന ശേഷം കിഴക്കേ കവലയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിക്കുകയായിരുന്നു. ബോഡിമെട്ട് വഴി തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു ശ്രമം. നെടുങ്കണ്ടത്ത് നിന്ന് കോമ്പയാര്‍ വഴി പോയ ഗൗതം വഴി അറിയാത്തതിനെ തുടര്‍ന്ന് നാട്ടുകാരോട് ബോഡിമെട്ടിലേയ്ക്കുള്ള വഴി തിരക്കി.

ഇതിനിടെ നമ്പര്‍ പ്ലേറ്റ് മടക്കി വെച്ചിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടു. വാഹനം ഓഫ് ചെയ്യാന്‍ യുവാവ് തയ്യാറാവാതിരുന്നതും സംശയം വര്‍ധിപ്പിച്ചു. ഇതോടെ നാട്ടുകാര്‍ നെടുങ്കണ്ടം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇതിനിടെ താമസ സ്ഥലത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കാണാനില്ലെന്ന് ചൂണ്ടികാട്ടി നെടുങ്കണ്ടം സ്വദേശിയായ പള്ളിത്താഴെ ഷിഹാബ് പരാതി നല്‍കിയിരുന്നു. കോമ്പയാറില്‍ നിന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നെടുങ്കണ്ടത്ത് നിന്ന് മോഷണം പോയ ബൈക്ക് ആണെന്ന് കണ്ടെത്തിയത്.