സിനിമയുടെ ഷൂട്ടിങ്ങിനെന്ന് പറഞ്ഞ് സ്ഥാപനത്തെ ബന്ധപ്പെടുകയും തുടര്‍ന്ന് ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ഉറപ്പ് നല്‍കിയുമായിരുന്നു പ്രതിയുടെ തട്ടിപ്പിന്‍റെ രീതി.

ആലപ്പുഴ: സിനിമ പ്രൊഡക്ഷന്‍ എക്‍സിക്യുട്ടീവെന്ന് പറഞ്ഞ് സ്ഥാപനങ്ങളില്‍ കയറിക്കൂടി സ്ത്രീകളെ തട്ടിപ്പിന് ഇരയാക്കുന്ന പ്രതി പിടിയില്‍. പത്തനംതിട്ട മല്ലപള്ളി ആലുംമൂട്ടില്‍ വീട്ടില്‍ രാജേഷ് ജോര്‍ജ്ജ് ജോസഫ് (41) ആണ് അറസ്റ്റിലായത്. പത്തനംതിട്ട ജില്ലയിലെ കീഴ്വായ്പൂരില്‍ നിന്ന് ആലപ്പുഴ സൗത്ത് പൊലീസാണ് ഇയാളെ പിടികൂടിയത്.

സിനിമയുടെ ഷൂട്ടിങ്ങിനെന്ന് പറഞ്ഞ് സ്ഥാപനത്തെ ബന്ധപ്പെടുകയും തുടര്‍ന്ന് ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ഉറപ്പ് നല്‍കിയുമായിരുന്നു പ്രതിയുടെ തട്ടിപ്പിന്‍റെ രീതി. ആലപ്പുഴ കളര്‍കോട് ഭാഗത്തുള്ള ഒരു സ്ഥാപനത്തില്‍ നടത്തിയ തട്ടിപ്പിനെ തുടര്‍ന്നാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ നമ്പരുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയതോടെ ഇയാള്‍ കുടുങ്ങുകയായിരുന്നു.

പത്തനംതിട്ട കീഴ്‌വായ്പൂര്‍, ആറ്റിങ്ങല്‍, കിളിമാനൂര്‍, വര്‍ക്കല, ബിനാനിപുരം, തൃപ്പൂണിത്തുറ, എറണാകുളം നോര്‍ത്ത്, ചാലക്കുടി, തോപ്പുംപടി, ഹില്‍പാലസ് എന്നീ പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍.