നന്തിപുലം സ്വദേശി കരുമാലി വീട്ടിൽ ദിലീപ് (42) നെയാണ് വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. നന്തിപുലം വല്ലച്ചിറ വീട്ടിൽ സതീർത്ഥ്യൻ്റെ പരാതിയിലാണ് അറസ്റ്റ്.
തൃശൂർ: അമിത പലിശക്ക് പണം കടം നൽകുകയും ഇരട്ടിയിലേറെ തുക ഈടാക്കിയിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് ഗൃഹനാഥനെയും ഭാര്യയെയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ. നന്തിപുലം സ്വദേശി കരുമാലി വീട്ടിൽ ദിലീപ് (42) നെയാണ് വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. നന്തിപുലം വല്ലച്ചിറ വീട്ടിൽ സതീർത്ഥ്യൻ്റെ പരാതിയിലാണ് അറസ്റ്റ്.
2022-ൽ സതീർത്ഥ്യൻ്റെ മകളുടെ വിവാഹത്തിന് ദിലീപ് 40000 രൂപ കടം നൽകിയിരുന്നു. ഗൂഗിൾ പേ വഴിയും നേരിട്ടും പല തവണകളിലായി പലിശയും മുതലുമുൾപ്പെടെ 81700 രൂപ സതീർത്ഥ്യൻ തിരികെ നൽകിയിരുന്നു. എന്നാൽ 100-ന് അഞ്ച് രൂപ നിരക്കിൽ 60000 രൂപ പലിശയും 21700 രൂപ മുതുലും മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും മുതൽ ഇനത്തിൽ 18300 രൂപ കൂടി ലഭിക്കാനുണ്ടെന്നും പറഞ്ഞ് ദിലീപ് സതീർത്ഥ്യനെയും ഭാര്യയേയും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എസ്.എച്ച്.ഒ കെ.എൻ. മനോജ്, ജി.എസ്.ഐ ഇ.ബി വിനോദ്, സി.പി.ഒമാരായ കെ. സലീഷ് കുമാർ, വി. രാഗേഷ്, പ്രസീത എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.


