ആലപ്പുഴ: നന്നാക്കാനാണെന്ന് ആണെന്ന് വിശ്വസിപ്പിച്ച് പട്ടാപ്പകൽ എടിഎം പൊളിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കണിച്ചുകുളങ്ങരയിലാണ് സംഭവം നടന്നത്. താമരക്കുളം സ്വദേശിയായ യുവാവാണ് പൊലീസ് പിടിയിലായത്. ഉളിയും ചുറ്റികയും കൊണ്ട് ഏതാണ്ട് പകുതിയോളം എ.ടി.എം പൊളിച്ച് നീക്കിയപ്പോഴാണ് നാട്ടുകാര്‍ക്ക് സംശയം തോന്നുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തത്.  

മാനസികമായി പ്രശ്നങ്ങൾ ഉള്ളയാളാണ്  യുവാവെന്ന് പൊലീസ് പറയുന്നു. എ.ടി.എമ്മിന് അടുത്തുള്ള കടയുടമ രാവിലെ എത്തിയപ്പോള്‍ യുവാവ് പണിതുടങ്ങിയിരുന്നു. എ.ടി.എം തകരാറില്‍ ആണെന്നും നന്നാക്കാന്‍ എത്തിയതാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. അതിരാവിലെയാണ് ഇവിടെ എത്തിയത് എന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ശബ്ദവും കോലാഹലവും ശ്രദ്ധയില്‍പ്പെട്ട് കൂടുതല്‍ ആളുകള്‍ എത്തിയതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയിട്ടും ഇയാള്‍ പണി തുടര്‍ന്നു. പിന്നീട് ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു. പേരും സ്ഥലവും പോലും കൃത്യമായി പറയാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല. തുടർന്ന്  അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി മോഷണക്കുറ്റം ചുമത്തി.