ജോസിന്റെ വീട്ടില്‍ നിന്നും കരഞ്ഞ് ബഹളമുണ്ടാക്കി റോഡിലേക്ക് ഓടിയെത്തിയ പെണ്‍കുട്ടിയോട് നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്
കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരിക്കടുത്ത് നമ്പിക്കൊല്ലിയില്‍ വീട്ടുജോലിക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ എല്‍പ്പിച്ചത്. നമ്പിക്കൊല്ലി ടൗണിന് സമീപം പേറാട്ടില്‍ ജോസ് (68) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ ജോലിക്കെത്തിയ തമിഴ്‌നാട് സ്വദേശിനിയായ പെണ്‍കുട്ടിയാണ് അതിക്രമത്തിനിരയായത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
ജോസിന്റെ വീട്ടില്‍ നിന്നും കരഞ്ഞ് ബഹളമുണ്ടാക്കി റോഡിലേക്ക് ഓടിയെത്തിയ പെണ്‍കുട്ടിയോട് നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസിനെയും ചൈല്‍ഡ് ലൈന്‍ അധികൃതരെയും വിവരമറിയിച്ചു. സംഭവശേഷം കാറില്‍ രക്ഷപെടാന്‍ ശ്രമിച്ച ജോസിനെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു.
ചൈല്‍ഡ് ലൈന്‍ അധികൃതരും സ്ഥലത്തെത്തിയിരുന്നു. വിവരമറിഞ്ഞെത്തിയ പെണ്‍കുട്ടിയുടെ അമ്മ ബത്തേരി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. അതിക്രമത്തിനിരയായ പെണ്‍കുട്ടി ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ കേസ് മാനന്തവാടി എസ്.എം.എസ്. വിഭാഗത്തിന് കൈമാറുമെന്ന് ബത്തേരി എസ്.ഐ. അറിയിച്ചു. പ്രതി ബത്തേരി പൊലീസ് കസ്റ്റഡിയിലാണുള്ളത്. രണ്ട് ദിവസം മുമ്പാണ് പെണ്‍കുട്ടി ജോസിന്റെ വീട്ടില്‍ ജോലിക്കായെത്തിയത്.
