കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലായി നാല്‍പതിലധികം കേസുകളിലെ പ്രതിയാണ് ശിഹാബുദ്ദീനെന്ന് പൊലീസ് അറിയിച്ചു. 

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍വെച്ച് നടത്തിയ ബലാത്സംഗകേസില്‍പ്പെട്ട് മൂന്നാഴ്ചയായി ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍. മലപ്പുറം പുറത്തൂര്‍ പാലക്കവളപ്പില്‍ ശിഹാബുദ്ദീന്‍(37) ആണ് അറസ്റ്റിലായത്. മടവൂര്‍ സി എം മഖാം പരിസരത്ത് വെച്ച് കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണര്‍ കെ അഷ്റഫിന്റെ നേതൃത്വത്തിലലുള്ള സ്പെഷ്യല്‍ സ്‌ക്വാഡ് സബ് ഇന്‍സ്പെക്ടര്‍ ടി വി ധനഞ്ജയദാസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലായി നാല്‍പതിലധികം കേസുകളിലെ പ്രതിയാണ് ശിഹാബുദ്ദീനെന്ന് പൊലീസ് അറിയിച്ചു. സ്ത്രീകളെ മന്ത്രവാദവും മറ്റും നടത്തുന്ന ഉസ്താദിന്റെ പേര് പറഞ്ഞ് ചതിയില്‍പ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കലും ചിലരെ മാനഭംഗപ്പെടുത്തി ഭീഷണിപ്പെടുത്തലുമാണ് ഇയാളുടെ രീതി. 

14 ഓളം സിം കാര്‍ഡുകളുകള്‍ ഉപയോഗിക്കുന്ന ഇയാള്‍ വിവിധ സംസ്ഥാനങ്ങളിലും ജില്ലകളിലുമായി നിരന്തരം യാത്രയിലായിരിക്കും. പ്രത്യേക അന്വേഷണ സംഘം മൂന്നാഴ്ചയായി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വലയിലാകുന്നത്. അന്വേഷണ സംഘത്തില്‍ ജൂനിയര്‍ എസ്‌ഐ വിപിന്‍ ടി എം, എസ്‌ഐ സൈനുദ്ദീന്‍, എഎസ്‌ഐമാരായ ഉണ്ണിനാരായണന്‍, രാജേന്ദന്‍ കെവി, മനോജ് കുമാര്‍ വി, സിപിഒമാരായ ജംഷീന, സനിത്ത്, കൃജേഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് ശിഹാബുദ്ദീനെ പിടികൂടിയത്.