തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍നിന്ന് രണ്ട് ഡബ്ബകളിലായി സൂക്ഷിച്ച ഓയിലും പിടിച്ചെടുത്തു. ചെറിയ ഡബ്ബയില്‍ ഒരു ഗ്രാം വരുന്ന ആശിഷ് ഓയില്‍ നിറച്ച് 1500 രൂപയ്ക്ക് വില്‍പ്പന നടത്തി വരികയായിരുന്നു

തൃശൂര്‍: ഗുരുവായൂരില്‍ 124.680 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കണ്ടാണശേരി ചൊവ്വല്ലൂര്‍ സ്വദേശി കറുപ്പം വീട്ടില്‍ അന്‍സാറിനെയാണ് ചാവക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി.ജെ. റിന്റോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തൈക്കാട് പള്ളി റോഡില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. പാന്റിന്റെ പോക്കറ്റില്‍നിന്നാണ് പ്രത്യേകം പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയില്‍ പിടികൂടിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍നിന്ന് രണ്ട് ഡബ്ബകളിലായി സൂക്ഷിച്ച ഓയിലും പിടിച്ചെടുത്തു. ചെറിയ ഡബ്ബയില്‍ ഒരു ഗ്രാം വരുന്ന ആശിഷ് ഓയില്‍ നിറച്ച് 1500 രൂപയ്ക്ക് വില്‍പ്പന നടത്തി വരികയായിരുന്നു ഇയാളുടെ പതിവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനാവശ്യമായ 60 ഓളം കാലി ടബ്ബളും സ്‌കൂട്ടറില്‍നിന്ന് കണ്ടെടുത്തു. സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.

പത്തുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ നേരത്തെ ഒന്നര കിലോ കഞ്ചാവുമായി അറസ്റ്റിലായിരുന്നു. ഈ കേസില്‍ 55 ദിവസത്തെ ജയില്‍വാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയപ്പോഴാണ് മയക്ക് മരുന്ന് കേസില്‍ വീണ്ടും പിടിയിലാകുന്നത്. തീരദേശ മേഖലയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന സംഘത്തിനു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.