കോഴിക്കോട്: കാറില്‍ കടത്തിയ മദ്യവുമായി കക്കയം കരിയാത്തുംപാറയില്‍ യുവാവ് പിടിയിലായി. കക്കയം കൂവപ്പൊയ്കയില്‍ പ്രദീപ്കുമാറിനെയാണ് (39) പേരാമ്പ്ര എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ടാക്‌സികാറില്‍ മദ്യവുമായി പോകവേ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. 

അരലിറ്റര്‍ വീതമുള്ള 90 കുപ്പികളിലായി സൂക്ഷിച്ച മദ്യം പിടിച്ചെടുത്തു. വാഹനവും യുവാവിന്റെ പേരിലുള്ളതാണ്. മദ്യക്കടകളില്‍നിന്ന് മദ്യം വാങ്ങി കൂരാച്ചുണ്ട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍പ്പന നടത്തി വരുകയായിരുന്നു ഇയാള്‍. 

പേരാമ്പ്ര എക്‌സൈസ് സി.ഐ. ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ തറോല്‍ രാമചന്ദ്രന്‍, എക്‌സൈസ് ഐ.ബി. പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍, ഗണേശ് കുമാര്‍, കെ. ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.  പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.