പത്തനംതിട്ട: വൈദ്യുതി തൂണില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. വലഞ്ചുഴി ചാഞ്ഞപ്ലാക്കലിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വലഞ്ചുഴി സ്വദേശിയായ 30 കാരന്‍ റിയാസാണ് സംഭവത്തിലെ കേന്ദ്ര കഥാപാത്രം. ഓട്ടോറിക്ഷ തൊഴിലാളിയായ ഇയാള്‍ വൈദ്യുതി തൂണില്‍ കയറി നില്‍ക്കുന്ന നാട്ടുകാര്‍ കാര്യം അന്വേഷിച്ചിപ്പോള്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ നില്‍ക്കുകയാണ് എന്ന് ഇയാള്‍ അറിയിക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ തടിച്ചുകൂടി.

വൈദ്യുതി വകുപ്പില്‍ അറിയിച്ച് ഉടന്‍ തന്നെ വൈദ്യുതി വിച്ഛേദിച്ചു നാട്ടുകാര്‍. പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. എന്നാല്‍ റിയാസ് താഴെ ഇറങ്ങാന്‍ കൂട്ടാക്കിയില്ല. തന്‍റെ ഭാര്യ സ്ഥലത്ത് എത്തിയാല്‍ മാത്രമേ തൂണില്‍ നിന്നും ഇറങ്ങു എന്നാണ് ഇയാള്‍ പറഞ്ഞത്.

അങ്ങനെ നാട്ടുകാര്‍ ഇയാളുടെ ഭാര്യയെ സംഭവസ്ഥലത്ത് എത്തിച്ചു. അതോടെ ഇയാളുടെ അരിശം ഭാര്യയോടായി. എന്നാല്‍ ചാടിമരിക്കും എന്ന ഇയാളുടെ വാക്കുകള്‍ കേട്ടതോടെ ഭാര്യ മയങ്ങി വീണു. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ഈ സമയത്താണ്  ഫയര്‍ ആന്‍റ് റെസ്ക്യൂ സേന സംഭവസ്ഥലത്ത് എത്തിയത്. അതേ സമയം ഇയാളെ രക്ഷിക്കാന്‍ ആരോ പോസ്റ്റില്‍ കയറിയതോടെ റിയാസ് വൈദ്യുതി കമ്പികളില്‍ തൂങ്ങി മറ്റൊരു പോസ്റ്റിലേക്ക് നീങ്ങി.

അപ്പോഴെക്കും ഇയാള്‍ വീണാല്‍ താങ്ങുവാന്‍  ഫയര്‍ ആന്‍റ് റെസ്ക്യൂ സേന താഴെ വലകള്‍ വിരിച്ചു. ഇതോടെ പോസ്റ്റില്‍ കയറി യുവാക്കള്‍ റിയാസിനെ വലിച്ചു താഴെയിടുകയായിരുന്നു. ഇയാള്‍ വലയിലാണ് പതിച്ചത്. ഇയാള്‍ക്ക് ചുറ്റും ക്ഷുഭിതരായി നാട്ടുകാര്‍ തടിച്ചുകൂടിയതോടെ ഇയാളെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി.