മൂവാറ്റുപുഴ: ലോക്ക്ഡൗണില്‍ അഭയം നല്‍കിയ ബാല്യകാല സുഹൃത്തിന്റെ ഭാര്യയുമായി യുവാവ് ഒളിച്ചോടി. മൂവാറ്റുപുഴയിലാണ് സംഭവം. മക്കളെയും കൊണ്ട് ഭര്‍ത്താവിന്റെ കാറിലാണ് ഇരുവരും ഒളിച്ചോടിയത്. ഭര്‍ത്താവ് പരാതിയുമായി രംഗത്തെത്തിയതോടെ  ഇരുവരും പൊലീസ് സ്റ്റേഷനില്‍ ഹാജരായി. മക്കളെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് യുവതി കാമുകനൊപ്പം പോയി. ഭര്‍ത്താവിന്റെ കാറും ഇവര്‍ കൊണ്ടുപോയി.  

ഒരാഴ്ച മുമ്പാണ് സംഭവമുണ്ടായത്. ലോക്ക്ഡൗണ്‍ ആരംഭിച്ച സമയത്ത് മൂന്നാര്‍ സ്വദേശിയായ യുവാവ് മൂവാറ്റുപുഴയില്‍ കുടുങ്ങി. പിന്നീട് ബാല്യകാല സുഹൃത്തിന്റെ ഫോണ്‍നമ്പര്‍ ഒപ്പിച്ച് അയോളോട് സഹായം തേടി. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇരുവരും തമ്മില്‍ കാണുന്നത്. ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെ വീട്ടില്‍ താമസിക്കാമെന്ന് യുവാവ് ഉറപ്പ് നല്‍കി. കാറുമായി മൂവാറ്റുപുഴയിലെത്തിയാണ് സുഹൃത്തിനെ കൂട്ടിയത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കും വരെ ഒന്നരമാസം ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു. ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും യുവാവ് പോകാന്‍ തയ്യാറായില്ല.

ഇതിനിടെ ഇയാള്‍ക്ക് പോകാന്‍ വാഹനസൗകര്യമൊരുക്കിയെങ്കിലും നിരസിച്ചു. ഒന്നരമാസത്തിനുള്ളില്‍ ഇയാള്‍ സുഹൃത്തിന്റെ ഭാര്യയുമായി അടുപ്പം സ്ഥാപിച്ചിരുന്നു. നാട്ടുകാര്‍ക്കും ഭര്‍ത്താവിനും സംശയം തോന്നിത്തുടങ്ങിയതോടെയാണ് ഇയാള്‍ സുഹൃത്തിന്റെ ഭാര്യയുമായി കടന്നുകളഞ്ഞത്. മക്കളെയും ഭാര്യയെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് യുവാവും യുവതിയും പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. മക്കളെ ഭര്‍ത്താവിന് വിട്ടുകൊടുത്ത യുവതി കാറുമായി കാമുകനൊപ്പം പോയി. മൂവാറ്റുപുഴ സ്വദേശിയും യുവതിയും പ്രണയിച്ചാണ് വിവാഹിതരായത്.