മാന്നാര്‍: എല്ലുപൊടിയുന്ന അപൂര്‍വരോഗത്തിന്റെ വേദന കടിച്ചമര്‍ത്തി ഉറങ്ങാന്‍ പോലും കഴിയാതെ ഒരു യുവാവ് ചികില്‍സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. മാന്നാര്‍ പൊതുവൂര്‍ തെക്ക് കന്നിമേല്‍തറയില്‍ താഴ്ചയില്‍ ലാലു (46)  വര്‍ഷങ്ങളായി എല്ലുപൊടിയുന്ന അപൂര്‍വ രോഗത്തിന്റെ വേദനയുമായി കഴിയുകയാണ്.

2012 ല്‍ പണിസ്ഥലത്തുവെച്ചാണ് കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ ലാലുവിന് വലതുകാലിന് വേദന അനുഭവപ്പെട്ടത്. ദിവസം കഴിയുന്തോറും വേദന കൂടിയതോടെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പരിശോധന നടത്തി. തുടര്‍ന്ന് ക്ഷയരോഗബാധിതനാണെന്ന് കണ്ടെത്തുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദഗ്ധ പരിശോധനയിലാണ് ഇടുപ്പിലെ എല്ലിന്‍റെ മജ്ജയില്‍ ക്ഷയരോഗം ബാധിച്ചതെന്ന് കണ്ടെത്തുന്നത്. ലാലുവിന്‍റെ ഇടുപ്പെല്ല് പൂര്‍ണ്ണമായും പൊടിഞ്ഞ അവസ്ഥയിലാണ്. 

ലാലുവിന് പണിക്കും കൂടി പോകാന്‍ കഴിയാതായതോടെ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത കുടുംബം പട്ടണിയിലാണ്. ലാലുവിന് കൃത്രിമ ഇടുപ്പെല്ല് മാറ്റിവെക്കാമെങ്കിലും ഇതിന് ഒന്നര ലക്ഷം രൂപയോളം ചെലവ് വരും.  ഈ തുക കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. കഴിഞ്ഞ മഹാപ്രളയ ദുരന്തത്തില്‍ വെള്ളം കയറി താമസിക്കുന്ന ഷെഡും വീട്ടുപകരണങ്ങളും നശിച്ചു. ഒന്നര ആഴ്ചയോളം അസഹ്യമായ വേദന സഹിച്ചാണ് ലാലുവും കുടുംബവും ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞത്. നാട്ടുകാര്‍ ചികിത്സാസഹായനിധി രൂപികരിച്ച് ലാലുവിന്റെ പേരില്‍ കാനറാ ബാങ്ക് മാന്നാര്‍ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഭാര്യ രമ(38), മകന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ രഞ്ജു, മകള്‍ രമ്യ (5). അക്കൗണ്ട് നമ്പര്‍: 3534108000713, IFSC Code CNRB0003534