ദേഹത്തുകെട്ടിവച്ച സ്ഫോടകവസ്തുവിന് തീ കൊളുത്തിയ ശേഷം ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടം

പിണങ്ങി താമസിച്ചിരുന്ന ഭാര്യയെയും മക്കളേയും അപകടപ്പെടുത്താനായി ശരീരത്തില്‍ സ്ഫോടക വസ്തുക്കള്‍ കെട്ടിവച്ചെത്തിയ യുവാവ് മരിച്ചു. ദേഹത്തുകെട്ടിവച്ച സ്ഫോടകവസ്തുവിന് തീ കൊളുത്തിയ ശേഷം ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. ഇളമ്പ സ്വദേശി മുരളീധരനാണ് മരിച്ചത്

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഭാര്യയുമായി പിണക്കത്തിലായിരുന്ന മുരളീധരൻ മദ്യപിച്ച് വീട്ടിലെത്തി. വീടിനടുത്ത റബ്ബർ തോട്ടത്തിൽ വന്ന് വെടിമരുന്ന് കത്തിച്ച ശേഷം വീട്ടിലേക്ക് ഓടി കയറാൻ ശ്രമിക്കുകയായിരുന്നു. വീടിന്‍റെ മുറ്റത്ത് എത്തും മുമ്പ് സ്ഫോടനം നടന്നു. മുരളീധരൻ തെറിച്ച് വീണ് അപ്പോൾ തന്നെ മരിച്ചു. മുരളീധരന്‍റെ ഭാര്യയും കുട്ടിയും തൊട്ടുമാറി തന്നെ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ക്ക് പരിക്കേറ്റിട്ടില്ല. ഭാര്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. 

ഇയാള്‍ എഴ് മാസമായി ഭാര്യയുമായി പിണക്കത്തിലാണ്. വാമനപുരം പെയ്ക മുക്കിൽ ക്വാറി തൊഴിലാളിയാണ്. പൊട്ടിത്തെറി ശബ്ദം രണ്ട് കിലോമീറ്റര്‍ അകലെ പോലും കേട്ടത് നാട്ടുകാരേയും ഭീതിയിലാക്കി. ജോലി ചെയ്തിരുന്ന പാറമടയില്‍ നിന്നാകാം ഇയാള്‍ക്ക് സ്ഫോടകവസ്തു ലഭിച്ചതെന്ന നിരീക്ഷണത്തിലാണ് പൊലീസുള്ളത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഇയാളുടെ ശരീരം ചിന്നിച്ചിതറി. തൊട്ടടുത്ത് തന്നെയുണ്ടായിരുന്ന ഭാര്യയും മക്കളം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona